പഠനയാത്രയ്ക്കു പോയ വിദ്യാര്‍ഥികളുടെ ബാഗില്‍ അധ്യാപകര്‍ മദ്യം ഒളിച്ചുകടത്തിയെന്ന് ആരോപണം, രക്ഷിതാക്കള്‍ സമരത്തില്‍ 

പഠനയാത്രയ്ക്കു പോയ വിദ്യാര്‍ഥികളുടെ ബാഗില്‍ അധ്യാപകര്‍ മദ്യം ഒളിച്ചുകടത്തിയെന്ന് ആരോപണം, രക്ഷിതാക്കള്‍ സമരത്തില്‍ 
പഠനയാത്രയ്ക്കു പോയ വിദ്യാര്‍ഥികളുടെ ബാഗില്‍ അധ്യാപകര്‍ മദ്യം ഒളിച്ചുകടത്തിയെന്ന് ആരോപണം, രക്ഷിതാക്കള്‍ സമരത്തില്‍ 

കോഴിക്കോട്: പഠനയാത്രയ്ക്കു പോയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ മദ്യക്കുപ്പി കടത്തിയതായി ആരോപണം. എക്‌സ്സൈസ് പരിശോധനയില്‍ ബാഗില്‍നിന്ന് മദ്യക്കുപ്പികള്‍ പിടിച്ചെന്ന് കുട്ടികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപകര്‍ക്കെതിരെ സമരം തുടങ്ങി. രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിക്കുകയും യുഡിഎഫ് പ്രവര്‍ത്തകര്‍ പിന്തുണച്ചു രംഗത്തുവരികയും ചെയ്തതോടെ രണ്ട് അധ്യാപകരോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ എഇഒ നിര്‍ദേശിച്ചു. 

കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് ഗവ. യു.പി. സ്‌കൂള്‍ പഠനയാത്രാസംഘത്തിന്റെ ബസില്‍നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. ശനിയാഴ്ച രാവിലെയാണ് കണ്ണൂരുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക് കാണാന്‍ സ്‌കൂളില്‍നിന്ന് സംഘം തിരിച്ചത്. തിരികെവരുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണംവാങ്ങാന്‍ മാഹിയില്‍ വണ്ടി നിര്‍ത്തി. അഴിയൂര്‍ ചെക് പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പി കണ്ടെടുത്തതായാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. 

കുട്ടികള്‍ക്ക് മാതൃക കാണിച്ചുകൊടുക്കേണ്ട നിങ്ങളാണോ ഇത് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായും കുട്ടികള്‍ പറഞ്ഞു. വീട്ടിലെത്തിയ കുട്ടികള്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തി സമരം തുടങ്ങി. പിന്തുണയുമായി യുഡിഎഫും രംഗത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് അന്നകുട്ടി ദേവസ്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എഇഒ സ്ഥലത്തെത്തി.

പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്നുപറഞ്ഞ് മടങ്ങാന്‍ തുടങ്ങിയ എഇഒയെ സമരക്കാര്‍ തടഞ്ഞുവെച്ചതോടെ സ്ഥിതി സംഘര്‍ഷത്തിലേക്കു നീങ്ങി. പിന്നീടാണ് ജീവനക്കാരോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചത്. യാത്രാസംഘത്തിലുണ്ടായിരുന്ന അധ്യാപകരായ വി.പി. കരുണന്‍, ജി.എസ്. ഹരിപ്രസാദ്, ഓഫീസ് അറ്റന്‍ഡന്റ് പി.ടി. നിധിന്‍ എന്നിവരോടാണ് മൂന്നുദിവസത്തെ നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. 

അതേസമയം പഠനയാത്രാ വാഹനത്തില്‍നിന്ന് യാതൊന്നും കണ്ടെടുത്തില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സംഘത്തിലുണ്ടായിരുന്ന അധ്യാപകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com