സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ട ; പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പി ജയരാജന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2018 03:41 PM |
Last Updated: 07th March 2018 04:09 PM | A+A A- |

കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. കോടതി പറയുന്നതല്ലേ. കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍ പ്രതികരിച്ചു.
സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാമെന്ന് ആരും വിചാരിക്കേണ്ട. വലതുപക്ഷ രാഷ്ട്രീയക്കാരും ഇവരെ പിന്തുണക്കുന്ന മാധ്യമങ്ങളും ഇക്കാര്യം മനസ്സിലാക്കണം. സിപിഎമ്മിനെ അടിച്ചമര്‍ത്താന്‍ മുന്‍കാലത്തും ശ്രമം നടന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം ചെറുത്താണ് സിപിഎം ഉയര്‍ന്നുവന്നത്.
ഷുഹൈബ് വധത്തില്‍ സിപിഎം മുമ്പേ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. ഏത് അന്വേഷണത്തിനും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് പറയാനുള്ളതെല്ലാം കോടതി കേട്ടോ എന്ന കാര്യത്തില്‍ സര്‍ക്കാരാണ് മറുപടി പറയേണ്ടത്. ഷുഹൈബ് കൊലക്കേസ് സംബന്ധിച്ച് പൊലീസ് ശരിയായ ദിശയിലുള്ള അന്വേഷണമാണ് നടത്തിയിരുന്നത്. കേസില്‍ ബന്ധമുള്ള പ്രതികളെയെല്ലാം പിടികൂടി.
പിടികൂടിയത് ഡമ്മി പ്രതികളെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസുകാര്‍ വരെ അത് തിരുത്തി. അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഗൂഢാലോചനയും പൊലീസ് അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയായിരുന്നു. പാര്‍ട്ടിക്ക് സിബിഐ അന്വേഷണത്തില്‍ യാതൊരു പരിഭ്രാന്തിയില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
രാജ്യത്തുനിന്ന് കമ്മ്യൂണിസം തുടച്ച് നീക്കാനുള്ള സംഘപരിവാര്‍ ശക്തികള്‍ക്കൊപ്പമാണ് ഇപ്പോള്‍ കോണ്‍ഗ്രസും ചേര്‍ന്നിരിക്കുന്നത്. ചുവപ്പ് ഭീകരത എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി സിപിഎമ്മിനെ വേട്ടയാടുന്നത്. ഈ മുദ്രാവാക്യം ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണ്. കണ്ണൂരില്‍ സുധാകരന്‍ നടത്തിയ നിരാഹാര സമരത്തിന്റെ മുദ്രാവാക്യം കണ്ണൂരിലെ ചുവപ്പ് ഭീകരത എന്നായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.