സര്‍ക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 25 അംഗ സംഘം; തലവന് ശമ്പളം ഒന്നേകാല്‍ ലക്ഷം 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സാമൂഹ്യമാധ്യമങ്ങളിലുടെ പ്രചരിപ്പിക്കാന്‍ 25 അംഗ പ്രഫഷനല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനം
സര്‍ക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 25 അംഗ സംഘം; തലവന് ശമ്പളം ഒന്നേകാല്‍ ലക്ഷം 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമായി സാമൂഹ്യമാധ്യമങ്ങളിലുടെ 
പ്രചരിപ്പിക്കാന്‍ 25 അംഗ പ്രഫഷനല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനം. സംഘത്തലവനു മാത്രം പ്രതിമാസ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത് ഒന്നേകാല്‍ ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. സംഘത്തിന് പ്രവര്‍ത്തിക്കാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ സോഷ്യല്‍ മീഡിയ സെല്‍ രൂപീകരിക്കുന്നതിനു ഭരണാനുമതിയായതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും തുടരുന്നുവെന്നു കഴിഞ്ഞ ദിവസവും ധനമന്ത്രി ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒഴിവാക്കാവുന്ന ചെലവുകള്‍പോലും നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ലെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. നേട്ടങ്ങള്‍ പ്രചരിപ്പിക്കാനും അറിയിപ്പുകള്‍ കൈമാറാനും മുഖ്യമന്ത്രിക്കായി പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒമാരും ഇപ്പോഴുണ്ട്. സര്‍ക്കാര്‍ നടപടികളെ പുകഴ്ത്തുന്ന മുഖ്യമന്ത്രിയുടെ ടിവി പരമ്പര വേറെയും. ഇതിനൊക്കെ പുറമെയാണു പ്രതിമാസം 41 ലക്ഷം രൂപ ചെലവു കണക്കാക്കുന്ന സമൂഹ മാധ്യമ പ്രചാരണത്തിനുള്ള പടയെ സര്‍ക്കാര്‍ രംഗത്തിറക്കുന്നത്.

പാര്‍ട്ടിയുടെ സൈബര്‍ പോരാളികളും ഫെയ്‌സ്ബുക്കിലെ ന്യായീകരണ പ്രമുഖരും കരാര്‍ നിയമനം തരപ്പെടുത്താന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ടീം ലീഡര്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നാലു കണ്ടന്റ് മാനേജര്‍മാരുണ്ടാകും. ഇവര്‍ക്ക് 75,000 രൂപ വീതം പ്രതിമാസം ലഭിക്കും. ആറ് കണ്ടന്റ് ഡവലപ്പര്‍മാര്‍ക്ക് 25,000 രൂപ വീതമാണു ശമ്പളം. രണ്ടു ഡേറ്റാ അനലിസ്റ്റുകള്‍ക്ക് അര ലക്ഷം രൂപ വീതവും മൂന്നു കണ്ടന്റ് അസിസ്റ്റന്റുമാര്‍ക്ക് 25,000 രൂപ വീതവും പ്രതിഫലം തീരുമാനിച്ചിട്ടുണ്ട്.

കണ്ടന്റ് ഡവലപ്‌മെന്റ് വെണ്ടര്‍മാര്‍ക്ക് ആകെ മൂന്നു ലക്ഷം രൂപയും ഡേറ്റാ വെണ്ടര്‍മാര്‍ക്ക് രണ്ടു ലക്ഷം രൂപയും ക്യാംപെയ്ന്‍ വെണ്ടര്‍മാര്‍ക്ക് എട്ടു ലക്ഷം രൂപയും ചെലവിടും. സമൂഹ മാധ്യമങ്ങളില്‍ നിന്ന് എഴുത്തുകള്‍, ഓഡിയോ, വിഡിയോ തുടങ്ങിയ ഉള്ളടക്കങ്ങള്‍ ശേഖരിച്ചു മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്കു 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണങ്ങള്‍ക്കും മറ്റുമായി സര്‍ക്കാരിനു കീഴില്‍ തന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പും അതില്‍ ആവശ്യത്തിനു ജീവനക്കാരുമുള്ളപ്പോഴാണു ലക്ഷങ്ങള്‍ പ്രതിഫലം നല്‍കിയുള്ള കരാര്‍ നിയമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com