സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം ഇനി ഒറ്റപ്പാര്‍ട്ടിയിലൂടെ നടപ്പില്ലെന്ന് പ്രഭാത് പട്‌നായിക്

ഭാവിയിലെ സോഷ്യലിസ നിര്‍മാണം ബഹുസ്വരതയില്‍ ഊന്നുന്ന സ്വത്തുടമാ ബന്ധങ്ങളില്‍ ഊന്നുന്നതായിരിക്കും.
സോഷ്യലിസത്തിനു വേണ്ടിയുള്ള സമരം ഇനി ഒറ്റപ്പാര്‍ട്ടിയിലൂടെ നടപ്പില്ലെന്ന് പ്രഭാത് പട്‌നായിക്

കൊച്ചി: ഇക്കാലത്ത് സോഷ്യലിസത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഒരു പാര്‍ട്ടി അധികാരം പിടിച്ചടക്കുകയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യം കൊണ്ടുവരികയും ചെയ്യുന്ന ക്ലാസിക്കല്‍ രീതിയിലൂടെ നടക്കാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും ഇടത് ചിന്തകനുമായ പ്രഭാത് പട്‌നായിക് പറഞ്ഞു. ബോള്‍ഗാട്ടിയില്‍ നടക്കുന്ന കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ പ്രതിസന്ധിയുടെ കാലത്തെ മൂലധനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഒരു ഉന്നത മാതൃകയായി മാത്രമേ ഇനി സോഷ്യലിസത്തെപ്പറ്റി സങ്കല്‍പ്പിനാകൂ. ഭാവിയിലെ സോഷ്യലിസ നിര്‍മാണം ബഹുസ്വരതയില്‍ ഊന്നുന്ന സ്വത്തുടമാ ബന്ധങ്ങളില്‍ ഊന്നുന്നതായിരിക്കും. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിലെ വൈരുധ്യങ്ങളും അനീതികളും സോഷ്യലിസ്റ്റിക് ആയ വ്യവസ്ഥയെ അഭികാമ്യമാക്കുന്നുവെന്നും പട്‌നായിക് പറഞ്ഞു. 

സോവിയറ്റ് യൂണിയനിലെ ഒറ്റപ്പാര്‍ട്ടി വ്യവസ്ഥ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തില്‍ നിന്ന് പാര്‍ട്ടിയുടെ സര്‍വാധിപത്യമായി ജീര്‍ണിച്ചു. ഇത് ന്യായീകരിക്കാവുന്നതല്ല. എന്നാല്‍ മുന്‍കാല സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ ഏറെ തലങ്ങളില്‍ പ്രസക്തമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോവിയറ്റ് യൂണിയന്റെ മൂന്ന് നേട്ടങ്ങള്‍ ആര്‍ക്കും തുടച്ചു നീക്കാനാവില്ല. അത് ഫാസിസത്തെ ഇല്ലാതാക്കി. സോവിയറ്റ് യൂണിയന്‍ ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇന്നിങ്ങനെ ഇരുന്ന് സംസാരിക്കുമായിരുന്നില്ലെന്ന് കേംബ്രിഡ്ജ് പ്രൊഫസര്‍ ജോവാന്‍ റോബിന്‍സണ്‍ പറയാറുള്ള കാര്യവും പട്‌നായിക് അനുസ്മരിച്ചു. കൊളോണിയലിസത്തിന്റെ തകര്‍ച്ചയ്ക്കും സോവിയറ്റ് യൂണിയന്റെ സംഭാവനകള്‍ കനത്തതാണ്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച 

ഒരുപാട് രാജ്യങ്ങള്‍ക്ക് സോവിയറ്റ് ബ്ലോക്ക് സഹായഹസ്തം നീട്ടിയതും മറക്കാവതല്ല. ലോകത്തിലെ ഏറ്റവും വലിയ ക്ഷേമരാഷ്ട്ര സങ്കല്‍പ്പം നടപ്പാക്കിയതും നടത്തിക്കൊണ്ടുപോയതുമാണ് മൂന്നാമത്തെ വലിയ നേട്ടം. ഫാസിസത്തിനും ക്യാപ്പിറ്റലിസത്തിനുമെതിരെ മുന്നണികള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത സെഷനില്‍ സംസാരിച്ച പ്രൊഫ. അനില്‍ ഭട്ടി ഊന്നിപ്പറഞ്ഞു. പ്രൊഫ. സി. പി. ചന്ദ്രശേഖര്‍ മോഡറേറ്ററായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com