125 കോടി പിരിക്കാന്‍ ജനമോചനയാത്രയുമായി കോണ്‍ഗ്രസ്

കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ നടത്തുന്ന ജനമോചനയാത്രയിലൂടെ 125 കോടി രൂപ പിരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്
125 കോടി പിരിക്കാന്‍ ജനമോചനയാത്രയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: വര്‍ഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ കേരള പ്രദേശ് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മറ്റി കോടികള്‍ പിരിക്കുന്നു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഏപ്രില്‍ ഏഴു മുതല്‍ 26 വരെ നടത്തുന്ന ജനമോചനയാത്രയിലൂടെ 125 കോടി രൂപ പിരിക്കാന്‍ കോണ്‍ഗ്രസ് തയാറെടുക്കുന്നത്. വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, അക്രമവിരുദ്ധ ജാഥയാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഈ യാത്രയില്‍ നിന്ന് പണം സ്വരൂപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പണപ്പിരിവിനായി 25,000ത്തോളം വരുന്ന ബൂത്തു കമ്മിറ്റികള്‍ക്ക് 50,000 രൂപയുടെ കൂപ്പണ്‍ വിതരണം ചെയ്തുകഴിഞ്ഞു. പിരിക്കുന്നതില്‍ 25,000 രൂപ ബൂത്തുകമ്മിറ്റികള്‍ക്ക് എടുക്കാം. 5000 വീതം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കും. ഡിസിസി, കെപിസിസി എന്നിവയുടെ വിഹിതം പതിനായിരമാണെന്ന് ഹസ്സന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഏഴിനു കാസര്‍കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതി അംഗം എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലകളില്‍ മൂന്നു നിയോജകമണ്ഡലങ്ങള്‍ സംയുക്തമായി പൊതു സമ്മേളനം നടത്തും. തുടര്‍ന്നായിരിക്കും കോണ്‍ഗ്രസിന്റെ ജാഥ ആരംഭിക്കുക.

ഗാന്ധി സ്മൃതി സംഗമങ്ങളുടെ ഭാഗമായി 'അക്രമത്തിനും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെ വനിതകള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി 31ന് എറണാകുളത്തു ഗാന്ധി വനിതാ സംഗമം മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തും.

രണ്ടുലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, റബര്‍, കാപ്പി തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കു തറവില പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കര്‍ഷക കോണ്‍ഗ്രസ് ഏപ്രില്‍ നാലിനു സെക്രട്ടേറിയറ്റ് പിക്കറ്റിങ് നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com