പെണ്ണിനോട് കളിച്ചാല്‍ ദേ ഇങ്ങനെയിരിക്കും; സ്‌റ്റോപ്പില്‍ ഇറക്കിയില്ല; ബസ്സില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം

യുവതിക്ക് നേരെ ഡ്രൈവര്‍ അസഭ്യവര്‍ഷം നടത്തിയെങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു
പെണ്ണിനോട് കളിച്ചാല്‍ ദേ ഇങ്ങനെയിരിക്കും; സ്‌റ്റോപ്പില്‍ ഇറക്കിയില്ല; ബസ്സില്‍ കുത്തിയിരുന്ന് യുവതിയുടെ പ്രതിഷേധം

അവള്‍ പെണ്ണല്ലേ... അവള്‍ക്ക് എന്ത് ചെയ്യാനാകും? സ്ത്രീകള്‍ എന്ത് നേടിയെന്ന് പറഞ്ഞാലും പുച്ഛ സ്വരത്തോടെ ഇപ്പോഴും ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വാക്കുകളാണിത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ ഏത് മാടമ്പിയേയും മുട്ടുകുത്തിക്കാന്‍ സ്ത്രീകള്‍ക്കാവും. വനിത ദിനത്തിന്റെ തലേദിവസം എറണാകുളത്തെ ബസ്സില്‍ ഒരു സ്ത്രീ നടത്തിയ പ്രതിഷേധം ഇതിന് തെളിവാണ്. രാത്രിയില്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ ബസ്സിനാണ് അതിലെ യാത്രക്കാരി നല്ല മുട്ടന്‍ പണി കൊടുത്തത്. 

പലപ്പോഴും സ്വകാര്യ ബസ്സുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്താതെ അവരുടെ സൗകര്യത്തിന് അനുസരിച്ച് ദൂരെ നീക്കി നിര്‍ത്താറുണ്ട്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ഇതിനെതിരേ ശബ്ദം ഉയര്‍ത്താന്‍ ഭൂരിഭാഗം പേരും തയാറാവാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി  ഇതിനെതിരേ ഒരു സ്ത്രീ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് വിജയം കണ്ടത്. എടവനക്കാട് വാച്ചാക്കല്‍ സ്വദേശിനിയാണ് നമ്മുടെ ഹീറോ. 

നായരമ്പലത്ത് നിന്നും വാച്ചാക്കലിലേക്ക് പോകുന്നതിനായി യുവതി എറണാകുളം - മുനമ്പം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മാടമ്പി എന്ന് പേരുള്ള ബസ്സില്‍ കയറി. എന്നാല്‍ യുവതിക്ക് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിര്‍ത്താതെ ബസ് ഓടിച്ചുപോയി. ബഹളം വെച്ചപ്പോള്‍ സ്‌റ്റോപ്പില്‍ നിന്ന് ദൂരെ മാറി വണ്ടി നിര്‍ത്തുകയായിരുന്നു. എന്നാല്‍ തന്റെ സ്റ്റോപ്പില്‍ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് യുവതി വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. 

ഇതോടെ വാശിയിലായ ബസ് ജീവനക്കാര്‍ യുവതിയേയും കൊണ്ട് യാത്ര തുടര്‍ന്നു. എന്നാല്‍ മുനമ്പം സ്റ്റാന്‍ഡില്‍ എത്തിയിട്ടും യുവതി ബസ്സില്‍ നിന്ന് ഇറങ്ങാതിരുന്നതോടെ ജീവനക്കാര്‍ വെട്ടിലായി. യുവതിക്ക് നേരെ ഡ്രൈവര്‍ അസഭ്യവര്‍ഷം നടത്തിയെങ്കിലും അവര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ യത്യന്തരമില്ലാതെ ജീവനക്കാര്‍ ബസുമായി മുനമ്പം പൊലീസ് സ്റ്റേഷനില്‍ എത്തി. നടന്ന സംഭവങ്ങള്‍ യുവതി പൊലീസിന് വിശദീകരിച്ചതോടെ ബസ്സും ബസ്സിലെ ജീവനക്കാരും കുടുങ്ങി. 

അപമാനിച്ചതായി പരാതി നല്‍കിയതോടെ ബസ് ഡ്രൈവര്‍ നായരമ്പലം കൊയിപ്പിള്ളി അഭിജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി മുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തി അടുത്ത ദിവസമാണ് വിട്ടയച്ചത്. ബസ്സും ഒരു ദിവസം സ്റ്റേഷനില്‍ പിടിച്ചിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com