അധികാരികളുടെത് വഴിപാട്‌; കേരളം മയക്കുമരുന്ന് വിപണിയുടെ ഹബ്ബെന്ന് വിഎം സുധീരന്‍

ഇപ്പോള്‍ കേരളം മയക്കുമരുന്ന് വിപണിയുടെ നിര്‍ണായക ‘ഹബ്ബ്’ ആയി മാറിയിരിക്കുന്നു. അധികാരികള്‍ ആകട്ടെ വഴിപാടുപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു
അധികാരികളുടെത് വഴിപാട്‌; കേരളം മയക്കുമരുന്ന് വിപണിയുടെ ഹബ്ബെന്ന് വിഎം സുധീരന്‍

കൊച്ചി: കേരളം ഇന്ന് മയക്കുമരുന്ന് വിപണിയുടെ നിര്‍ണ്ണായക ഹബ്ബായി മാറിയിരിക്കുന്നുവെന്ന് വിഎം സുധീരന്‍. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സുധീരന്റെ പ്രസ്താവന. ഏത് നിമിഷവും അക്രമങ്ങള്‍ക്ക് ഇരയാകാം എന്ന ഭീതിയിലാണ് സ്ത്രീസമൂഹമെന്നും, അക്രമങ്ങളുടെ പ്രഭവ സ്വാധീന ഘടകമായ മദ്യവും മയക്കുമരുന്നും വ്യാപകമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയാണ്.

സ്ത്രീസുരക്ഷാ നിയമങ്ങളും സംവിധാനങ്ങളും നിലവില്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍ നടുക്കമുണ്ടാക്കുന്ന നിലയില്‍ കൂടി വരുന്നു. ഏത് നിമിഷവും അക്രമങ്ങള്‍ക്ക് ഇരയാകാം എന്ന ഭീതിയിലാണ് സ്ത്രീസമൂഹം. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വരെ രക്ഷയില്ലാത്ത അവസ്ഥ.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തിലും ഓരോ വര്‍ഷവും കൂടി വരികയാണ്. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത് അതാണ്. വിവിധ കോടതികളില്‍ ഏതാണ്ട് എണ്ണായിരത്തോളം കേസുകള്‍ കെട്ടിക്കിടക്കുകയാണ്. കൃത്യസമയത്ത് കേസ് നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ പിടിക്കപ്പെടുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നത്. ഇത് കുറ്റവാളികള്‍ക്ക് പ്രോത്സാഹനകരമാണ്. തന്നെയുമല്ല, അക്രമങ്ങളുടെ പ്രഭവ സ്വാധീന ഘടകമായ മദ്യവും മയക്കുമരുന്നും വ്യാപകമാകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

മദ്യശാലകള്‍ വ്യാപകമാക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഫലമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള അക്രമങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, റോഡപകടങ്ങള്‍, മാനസികവും കായികവുമായ രോഗങ്ങള്‍, കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളെല്ലാം വര്‍ദ്ധിച്ചുവരുന്നു. പാതയോരങ്ങളിലെ മദ്യശാലകള്‍ക്കുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞ സുപ്രീംകോടതിവിധി വലിയൊരു സാമൂഹ്യ ദുരന്തത്തിലേക്കാണ് നാടിനെ എത്തിക്കുന്നത്. മദ്യശാലകള്‍ തുറന്നാല്‍ മയക്കുമരുന്ന് ഉപയോഗം കുറയുമെന്ന വാദഗതി വ്യര്‍ത്ഥമാണെന്ന് തെളിയിക്കപ്പെട്ടു.

ഇപ്പോള്‍ കേരളം മയക്കുമരുന്ന് വിപണിയുടെ നിര്‍ണായക ‘ഹബ്ബ്’ ആയി മാറിയിരിക്കുന്നു. അധികാരികള്‍ ആകട്ടെ വഴിപാടുപോലെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ജനങ്ങളെ രക്ഷിക്കേണ്ട ഭരണകൂടങ്ങള്‍ ജനദ്രോഹം ചെയ്യുന്നവരുടെ രക്ഷകരായി മാറുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്ത് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നീതി ഉറപ്പുവരുത്തുന്നതിനും ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങേണ്ട സമയമാണിത്, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com