ചെങ്ങന്നൂരില്‍ പോര്‍ക്കളം ഒരുങ്ങുന്നു; ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂരില്‍ പോര്‍ക്കളം ഒരുങ്ങുന്നു; ഡി വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. പി സി വിഷ്ണുനാഥിന് പകരം ഡി വിജയകുമാര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും.ചെങ്ങന്നൂരിലെ മുതിര്‍ന്ന നേതാവാണ് ഡി വിജയകുമാര്‍. സംസ്ഥാന നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. ഹൈക്കമാന്‍ഡിന്റെ സമ്മതത്തോടെ ഔദ്യോഗികമായ പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് വിവരം.

ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുണയായത്. ഇദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറിന്റെ പേരും സ്ഥാനാര്‍ഥിപ്പട്ടികയിലേക്കു പരിഗണിച്ചിരുന്നു.

അറുപത്തിയഞ്ചുകാരനായ വിജയകുമാര്‍ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എന്‍എസ്എസ് കോളജില്‍ നിന്നു ചരിത്രത്തില്‍ ബിരുദം. കോളജില്‍ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവര്‍ത്തിച്ചു തുടങ്ങി.

ജബല്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൊളിറ്റിക്കല്‍സയന്‍സില്‍ ബിരുദാനന്തര ബിരുദവും എല്‍എല്‍ബിയും നേടി. യൂത്ത് കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതല്‍ 1992 വരെ ഡിസിസി സെക്രട്ടറി.

ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിര്‍വാഹകസമിതി അംഗം. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്‌കൗട്ട്‌സ് ആന്ഡ് ഗൈഡ്‌സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

നിലവില്‍ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.


ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെ നിര്‍ത്താന്‍ നേരത്തെ സിപിഎം
ധാരണയിലെത്തിയിരുന്നു.കഴിഞ്ഞ തവണ മത്സരിച്ച പി എസ് ശ്രീധരന്‍ പിളള തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com