മാനസിക നില തെറ്റിയ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു ചോദ്യം ചെയ്തു

മാനസിക നില തെറ്റിയ യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ടു ചോദ്യം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാറശ്ശാല: മോഷണക്കുറ്റം ആരോപിച്ച് മാനസിക രോഗിയായ യുവാവിനെ കെട്ടിയിട്ടു ചോദ്യം ചെയ്തു. പാറശ്ശാല പൊഴിയൂര്‍ കൊല്ലി സ്വദേശിയായ ജോസിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 

തിങ്കളാഴ്ച രാവിലെ എട്ട് മണിയോട് കൂടി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ജോസിനു പിന്നാലെ ജനക്കൂട്ടം കൂടുകയായിരുന്നു. മനോനില തെറ്റിയ ജോസ് നഗ്നനായാണ് സഞ്ചരിച്ചിരുന്നത്. പിടിയിലായ ജോസിനെ നാട്ടുകാര്‍ സമീപത്തെ മരത്തില്‍ കെട്ടിയിട്ട് പൊലീസ് മുറയില്‍ ചോദ്യംചെയ്തു. ജോസ് മാനസിക രോഗിയാണെന്ന് അറിയാമായിരുന്ന ചിലര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ജനക്കൂട്ടം ചെവിക്കൊണ്ടില്ല.

കളിയിക്കാവിളയില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചത് നീ തന്നെയല്ലേ എന്ന് ചോദിച്ചായിരുന്നു ജനക്കൂട്ടത്തിന്റെ ചോദ്യംചെയ്യല്‍. പ്രദേശത്ത് നടന്ന മോഷണങ്ങള്‍ എല്ലാം ജോസിന്റെ പുറത്ത് ജനക്കൂട്ടം ആരോപിക്കുകയായിരുന്നു. മാല മോഷണം നടത്തിയില്ലേ എന്ന് ജനക്കൂട്ടം ചോദിച്ചു. ജോസിന്റെ ഇരുകൈകളും പുറകിലായി കെട്ടിവച്ചായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്ന് ജനക്കൂട്ടം മോഷ്ടാവിനെ പിടികൂടിയതായി പൊലീസിനെ അറിയിച്ചു. 

സ്ഥലത്തെത്തിയ പൊലീസ് ജോസിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ജോസിന്റെ രക്ഷാകര്‍ത്താക്കള്‍ ചികിത്സാരേഖകളുമായി സ്‌റ്റേഷനില്‍ എത്തി. തുടര്‍ന്ന് ജോസിനെ കോടതിയുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

പ്രദേശത്ത് കുറച്ചുനാളുകളായി നഗ്‌നനായി സഞ്ചരിക്കുന്ന മോഷ്ടാവിന്റെ ശല്യം കൂടിവരികയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com