ശ്രീധരന്‍ തോറ്റോടിയ സ്ഥാനത്ത് ഇനി ആര് വരാന്‍,ലാഭത്തിലല്ലെന്ന് കരുതി കെഎസ്ആര്‍ടിസിയും പൂട്ടുമോ?: കെ മുരളീധരന്‍

കൊച്ചി മെട്രോ ലാഭത്തിലല്ലെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമെന്ന് പ്രതിപക്ഷം 
ശ്രീധരന്‍ തോറ്റോടിയ സ്ഥാനത്ത് ഇനി ആര് വരാന്‍,ലാഭത്തിലല്ലെന്ന് കരുതി കെഎസ്ആര്‍ടിസിയും പൂട്ടുമോ?: കെ മുരളീധരന്‍

തിരുവനന്തപുരം: കൊച്ചി മെട്രോയെ ചൊല്ലി നിയമസഭയില്‍  പ്രതിപക്ഷപ്രതിഷേധം. കൊച്ചി മെട്രോ ലാഭത്തിലല്ലെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടി. ലാഭത്തിലല്ലെന്ന് കരുതി കെഎസ്ആര്‍ടിസിയും പൂട്ടുമോയെന്ന് കെ മുരളീധരന്‍ ചോദിച്ചു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നും ഡിഎംആര്‍സി പിന്മാറിയതുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.

ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ പോലും തയ്യാറാവാതിരുന്ന മുഖ്യമന്ത്രിയുടെ സമീപനം ഒട്ടും ആശാസ്യമല്ല. ശ്രീധരന്‍ തോറ്റോടിയ സ്ഥാനത്ത് ഇനി ആര് വരാനെന്നും കെ മുരളീധരന്‍ ചോദിച്ചു. 

അതേസമയം ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയായി പറഞ്ഞു. കേന്ദ്രംഫണ്ട് അനുവദിക്കാത്തതാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് തടസ്സം. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ കേരളത്തിന് മാത്രമായി ഈ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. കേന്ദ്രാനുമതി ലഭിച്ചശേഷം മാത്രം പദ്ധതി തുടങ്ങാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഇ ശ്രീധരനെ അനാദരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരക്കുളള സമയത്തായതിനാലാണ് ശ്രീധരനുമായി കൂടിക്കാഴ്ച നടത്താന്‍ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
 
ഇ ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചുവിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിനായി സര്‍ക്കാര്‍ കൗശലപൂര്‍വ്വം കരുക്കള്‍ നീക്കി. അഴിമതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് ആക്ഷേപമുണ്ടെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു. 

അതേസമയം ലൈറ്റ് മെട്രോ പദ്ധതികള്‍ക്കെന്ന പോലെ കൊച്ചി മെട്രോയ്ക്കും സര്‍ക്കാര്‍ ചുവപ്പുകൊടി കാണിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതര വരുമാനമാര്‍ഗങ്ങള്‍ തേടിയാല്‍ മാത്രമേ കൊച്ചി മെട്രോയ്ക്ക് പിടിച്ചുനില്‍ക്കാന്‍ ആകുവെന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ മെട്രോ വില്ലേജിനായി 17 ഏക്കര്‍ വിട്ടുനല്‍കിയിട്ടും പോക്കുവരവ് പോലും ചെയ്തിട്ടില്ല. ഫഌറ്റ്, ഐടി സമുച്ചയം എന്നിവ ഉള്‍പ്പെടുന്നതാണ് മെട്രോ വില്ലേജ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com