കഴിച്ച ഭക്ഷണത്തിലും വര്‍ഗീയത കുത്തിനിറച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്; ജനകീയ ഭക്ഷണശാലയിലെ ഹിന്ദു സഖാക്കള്‍ക്ക് നല്ലതുവരട്ടേ

സിപിഎം നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടത്തി വരുന്ന ജനകീയ ഭക്ഷണ ശാലയെക്കുറിച്ച് വര്‍ഗീയ പരാമര്‍ശങ്ങളുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. 

സിപിഎം നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടത്തി വരുന്ന ജനകീയ ഭക്ഷണ ശാലയെക്കുറിച്ച് വര്‍ഗീയ പരാമര്‍ശങ്ങളുമായി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ജനകീയ ഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് ഇയ്യാള്‍ ഫെയ്‌സ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശനം നിറഞ്ഞ പോസ്റ്റിട്ടിരിക്കുന്നത്. 

സിപിഎമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചു...നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു... മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു... അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയില്‍ നിന്നും മാറ്റം അനിവാര്യമാണ്... രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ...ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ...പ്രതീഷ് വിശ്വനാഥ്,ഹിന്ദു ഹെല്പ് ലൈന്‍. ഇതാണ് പ്രതീഷിന്റെ പോസ്റ്റ്. 

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. മുമ്പും വര്‍ഗീയ പ്രരാര്‍ശങ്ങളുമായി പ്രതീഷ് വിശ്വനാഥന്‍ രംഗത്ത് വന്നിട്ടുണ്ട്. 

എന്തിനും ഏതിനും വര്‍ഗീയത കാട്ടുന്ന സംഘപരിവാര്‍ ഭക്ഷണത്തില്‍ പോലും മതം കലക്കുന്നുവെന്നാണ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവരും പറയുന്നത്. ഒരു ഹിന്ദുവും വിശന്നിരിക്കരുത് എന്ന് പറഞ്ഞ് ഹിന്ദു ഹെല്‍പ് ലൈന്‍ ഭക്ഷണ വിതരണം ആരംഭിച്ചിരുന്നത് നേരത്തെ വിവാദമായിരുന്നു. 

ആരും വിശന്നിരിക്കരുത് എന്ന ആശയത്തോടെയാണ് സിപിഎം നേതൃത്വത്തില്‍ ആലപ്പുഴ പാതിരാപ്പള്ളിയില്‍ ജനകീയ ഭക്ഷണശാല ആരംഭിച്ചത്. കയ്യില്‍ പണമില്ലാതെ ആര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കഴിക്കാം. ഈ സംരഭത്തിന് പൊതുജനത്തിന്റെ ഭാഗത്ത് നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനിടയിലാണ് ഭക്ഷണത്തിലും മതത്തിന്റെ വിഷം കലക്കി സംഘപരിവാര്‍ നേതാവ് രംഗത്ത് വന്നിരിക്കുന്നത്. 

മാരാരിക്കുളത്തെ സി.ജി ഫ്രാന്‍സിസ് സ്മാരക ട്രസ്റ്റ് സംരംഭമായ സ്‌നേഹജാലകത്തിന്റെ ആതുരശുശ്രൂഷാ പദ്ധതിക്കുശേഷം മറ്റൊരു സാന്ത്വന സ്പര്‍ശമാണിത്. മന്ത്രി തോമസ് ഐസക്കിന്റെ മാര്‍ഗനിര്‍ദേശവും ഇടപെടലുമാണ് ഇതിന്റെ ഊര്‍ജം. സമീപത്ത് രണ്ടരയേക്കറില്‍ പച്ചക്കറി കൃഷിയുംമുണ്ട്. 

ഒരുകൊല്ലംമുമ്പ് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ട് വാര്‍ഡിലും ആര്യാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡിലുമുള്ള 40 കിടപ്പുരോഗികള്‍ക്ക് ഭക്ഷണംനല്‍കി തുടക്കമിട്ട പദ്ധതിയാണ് വിപുലപ്പെട്ടത്.

പ്രദേശത്തെ 1576 വീട്ടുകാര്‍ തങ്ങളുടെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് നീക്കിവക്കുന്ന തുകയുടെ ഒരുഭാഗം ഈ സംരംഭത്തിന് നല്‍കുന്നു. . ഇങ്ങനെ സമാഹരിച്ച 22ലക്ഷം രൂപയും ഭക്ഷണശാലയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. ഭക്ഷണമൊരുക്കാനും വിതരണം ചെയ്യാനുമായി ഒമ്പത് സ്ത്രീകളടക്കം 11 വളണ്ടിയര്‍മാരുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com