ടി.പി സിപിഎം വിരുദ്ധനായിരുന്നില്ല; തിരിച്ചു വരാന്‍ ആഗ്രഹിച്ചിരുന്നതായി കോടിയേരി ബാലകൃഷ്ണന്‍

സിപിഎം ക്രൂരമായി കൊലപ്പെടുത്തിയ ആര്‍എംപിഐ നേതാവ് ടി.പി ചന്ദ്രശേഖരന്‍ സിപിഎം വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ടി.പി സിപിഎം വിരുദ്ധനായിരുന്നില്ല; തിരിച്ചു വരാന്‍ ആഗ്രഹിച്ചിരുന്നതായി കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍: സിപിഎം ക്രൂരമായി കൊലപ്പെടുത്തിയ ആര്‍എംപിഐ നേതാവ് ടി.പി ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രശ്‌നങ്ങള്‍ തീര്‍ന്നാല്‍ സിപിഎമ്മിനോട് അടുക്കാന്‍ ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നു. സിപിഎം നശിക്കണം എന്ന് ചന്ദ്രശേഖരന്‍ ആഗ്രഹിച്ചിരുന്നില്ല. ആര്‍എംപിയെ കോണ്‍ഗ്രസിനൊപ്പം ചേര്‍ക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. 

ഇപ്പോള്‍ ആര്‍എംപിഐ കെ.കെ രമയുടെ മാത്രം പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്തിതീര്‍ക്കാനാണ് കെ.കെ രമ ഡല്‍ഹിയില്‍ സമരം നടത്തിയത് എന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് കോടിയേരിയും ചന്ദ്രശേഖരനെ പറ്റി പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. 

സിപിഎം അതിക്രമങ്ങള്‍ക്കെതിരെ കെ.കെ രമ ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിന് മുന്നില്‍ സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരാള്‍ സമരം ഇരുന്നു. ഇത് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ത്തെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് എന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. 

ആര്‍എംപിഐയുടെ സ്‌പോണ്‍സര്‍ഷിപ്പ് പലര്‍ക്കുമുണ്ട്. കാര്യങ്ങള്‍ മനസിലാക്കി പലരും ആര്‍എംപിയില്‍ നിന്നും മാറുകയാണ്. ആര്‍എംപിഐയില്‍ നിന്ന് ചിലര്‍ കുടുംബത്തോടൊപ്പം സിപിഐഎമ്മിലേക്ക് വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.

ഇപ്പോള്‍ എവിടേയും അക്രമം ഇല്ല. ഇതുവരെ 20 കേസുകളാണ് എടുത്തത്. ആര്‍എംപിഐ ഒഞ്ചിയം കമ്മിറ്റി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ 14 ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com