നെട്ടൂര്‍-കുമ്പളം കൊലക്കേസ്: കൊലയാളി പൊട്ടാസ്യം സയനേഡ് ഉപയോഗിച്ചെന്ന് സൂചന

തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനു ലഭിച്ചു. 
നെട്ടൂര്‍-കുമ്പളം കൊലക്കേസ്: കൊലയാളി പൊട്ടാസ്യം സയനേഡ് ഉപയോഗിച്ചെന്ന് സൂചന

കൊച്ചി: നെട്ടൂര്‍-കുമ്പളം കേസുകളില്‍ ഇരകളെ വകവരുത്താന്‍ കൊലയാളി കൊടിയ വിഷമായ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്ന സൂചന ബലപ്പെടുന്നു. സംഭവങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാലുപേര്‍ അന്വേഷണ സംഘത്തിന്റ നിരീക്ഷണത്തില്‍. കൊലപാതകവുമായി ബന്ധമുള്ള രണ്ടു പേര്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചതായും പൊലീസ് കരുതുന്നു. 

കുമ്പളം കായലില്‍ പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ചെയ്ത നിലയില്‍ കണ്ടെത്തിയ അസ്ഥികൂടം  ഉദയംപേരൂര്‍ സ്വദേശി ശകുന്തളയുടേതാണെന്നു (56) ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചതോടെ രണ്ടു കേസുകളിലും അന്വേഷണം പ്രതികളിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനു ലഭിച്ചു. 

കൊലയ്ക്കു കാരണം സാമ്പത്തിക താല്‍പര്യമെന്നാണു നിഗമനം. അറസ്റ്റ് ഒരാഴ്ചയ്ക്കുള്ളിലുണ്ടാവും. ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിനു മുന്‍പു തന്നെ കൊല്ലപ്പെട്ടതു ശകുന്തളയാണെന്നു അനുമാനിക്കാവുന്ന സാഹചര്യ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. പരിശോധനാ ഫലം ഒന്നര മാസം വൈകിയെങ്കിലും അപ്പോള്‍ മുതല്‍ ശകുന്തളയുമായി അടുപ്പമുള്ളവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. 

ഡിഎന്‍എ ഫലം വന്നതിനു ശേഷം മാത്രം ഇവരെ ചോദ്യം ചെയ്താല്‍ മതിയെന്നു മേലധികാരികള്‍ നിര്‍ദേശിച്ചതിനാലാണ് ഇവരെ കസ്റ്റഡിയിലെടുക്കാതിരുന്നത്.ശകുന്തളയുടെ മകളുടെ സുഹൃത്തായ യുവാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം കായലില്‍ ഉപേക്ഷിച്ചതിനു സമാനമായ രീതിയിലാണു കഴിഞ്ഞ നവംബറില്‍ യുവാവിനെയും കൊലപ്പെടുത്തി കായലില്‍ തള്ളിയത്. 

നെട്ടൂര്‍ ഷാപ്പുകടവില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ ശകുന്തളയുടെ ശാരീരിക അവശിഷ്ടങ്ങളും യുവാവിന്റെ ആന്തരികാവയവങ്ങളും രാസ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. രണ്ടു കേസിലും പൊട്ടാസ്യം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ പ്രതികളെ കണ്ടെത്താന്‍ എളുപ്പമാണ്.അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ രണ്ടു കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന അനുമാനത്തിലായിരുന്നു പൊലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com