തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിൽ ബിജെപിയിൽ കടുത്ത അതൃപ്തി; എംപി സ്ഥാനം നൽകിയാൽ പാർട്ടി വിടുമെന്ന് നേതാക്കൾ

പാര്‍ട്ടിയിലെ സജീവ നേതാക്കളെ നിരന്തരം അവ​ഗണിക്കുന്നതിൽ സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് പരാതി നൽകി
തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിൽ ബിജെപിയിൽ കടുത്ത അതൃപ്തി; എംപി സ്ഥാനം നൽകിയാൽ പാർട്ടി വിടുമെന്ന് നേതാക്കൾ

തിരുവനന്തപുരം : ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിൽ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിയിലെ സജീവ നേതാക്കളെ നിരന്തരം അവ​ഗണിക്കുന്നതിൽ സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് പരാതി നൽകി.  തുഷാര്‍വെള്ളാപ്പള്ളിക്ക് എംപി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടിവിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉന്നയിച്ചതായി റിപ്പോര്‍ട്ടുണ്ട്.  പാര്‍ട്ടിയില്‍ ശക്തരായ ഈഴവ നേതാക്കള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ബിഡിജെഎസിന് അമിതമായ പരിഗണന നൽകേണ്ടതില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ അമിത് ഷായെ അറിയിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെയാണ് ഒരു വിഭാഗം നേതാക്കള്‍ രം​ഗത്തെത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പദവികളിലേക്ക് കേരളത്തിലെ ബിജെപി നേതാക്കളെ പാടെ അവ​ഗണിക്കുകയാണ്. രണ്ട് എംപിമാരെയും ഒരു കേന്ദ്രമന്ത്രിയെയും നൽകിയപ്പോഴും സംസ്ഥാന നേതൃത്വത്തിലെ ആരെയും പരി​ഗണിച്ചില്ലെന്നും പരാതിപ്പെടുന്നു.

നാളികേര വികസന ബോര്‍ഡിലേക്ക് മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ്പ്രസിഡന്റുമായ കെപി ശ്രീശന്റെ പേരാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. റബ്ബര്‍ ബോര്‍ഡിലേക്ക് മുന്‍ അധ്യക്ഷന്‍ സികെ പത്മനാഭന്റെയും പേരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായിട്ടും ഈ ഒഴിവുകൾ നികത്തിയിട്ടില്ല. സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവിയും ഒഴിഞ്ഞ് കിടക്കുകയാണ്. 

അതേസമയം നാലുവർഷമായിട്ടും ബിജെപി കേന്ദ്രനേതൃത്വം വാ​ഗ്ദാനം ചെയ്ത പദവികൾ നൽകാത്തതിൽ ബിഡിജെഎസ് അടക്കമുള്ള എൻഡിഎ ഘടകകക്ഷികളും ഇടഞ്ഞുനിൽക്കുകയാണ്. വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തിലാണ് ബിഡിജെഎസ്. പതിനാലാം തിയതി നടക്കുന്ന സംസ്ഥാന നേതൃയോഗം മുന്നണി ബന്ധം പുനപരിശോധിക്കുമെന്നും ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്. 

അതേസമയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ മുന്നിൽ കണ്ട് ബിഡിജെഎസ് അടക്കമുള്ള കക്ഷികളെ കൂടെ നിർത്താനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാ​ഗമായാണ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പുനൽകിയതെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com