തുഷാറിനെ മോഹിപ്പിച്ചതും മോഹഭംഗമുണ്ടാക്കിയതും ബിജെപിക്കാര്‍: വെള്ളാപ്പള്ളി നടേശന്‍

തുഷാറിനെ മോഹിപ്പിച്ചതും മോഹഭംഗമുണ്ടാക്കിയതും ബിജെപിക്കാര്‍: വെള്ളാപ്പള്ളി നടേശന്‍
തുഷാറിനെ മോഹിപ്പിച്ചതും മോഹഭംഗമുണ്ടാക്കിയതും ബിജെപിക്കാര്‍: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റു നല്‍കാമെന്നു മോഹിപ്പിച്ചതും പിന്നീടു മോഹഭംഗമുണ്ടാക്കിയതും ബിജെപിക്കാര്‍ തന്നെയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസോ തുഷാറോ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. ഇത് ബിജെപിയുടെ ഉള്ളില്‍ നിന്നു നടന്ന കളിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

എംപി സ്ഥാനം ബിഡിജെഎസ് ഇതുവരെ ബിജെപി നേതൃത്വത്തോടു ചോദിച്ചിട്ടില്ല. ചില കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും കമ്മിറ്റികളിലെ അംഗത്വവുമാണ് ബിഡിജെഎസ് ചോദിച്ചിട്ടുള്ളത്. അതുനല്‍കാത്തതില്‍ അതൃപ്തിയുണ്ട്. 

തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ചാണ് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത്. ഒരു ചാനലാണ് ഈ വാര്‍ത്ത കൊടുത്തത്. അവര്‍ കൊടുത്ത രാജ്യസഭാംഗത്വം അവര്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇതു ബിജെപിയുടെ ഉള്ളില്‍നിന്നു കളിയാണ്. തുഷാറിനെ മോഹിപ്പിച്ചതും പിന്നീടു മോഹഭംഗമുണ്ടാക്കിയതും അവരാണ്. ഈ വാര്‍ത്ത വരുമ്പോള്‍ തുഷാര്‍ ഗള്‍ഫിലായിരുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ തുഷാര്‍ നാട്ടിലെത്തി അതിന്റെ നടപടിക്രമങ്ങളിലേക്കു കടക്കേണ്ടേയെന്ന് വെള്ളാപ്പള്ളി ചോദിച്ചു.

രാജ്യസഭാംഗത്വത്തിന് തുഷാറിനേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍ വി മുരളീധരനാണ്. നേരത്തെ തന്നെ പാര്‍ലമെന്റ് അംഗമാകേണ്ടയാളാണ് മുരളീധരന്‍. ഏറ്റവും ഒടുവിലത്തെ ഊഴത്തിലാണ് മുരളി പരിഗണിക്കപ്പെട്ടത് എന്നതു നിര്‍ഭാഗ്യകരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിക്ക് പിന്നാക്ക വിഭാഗങ്ങളോട് ആഭിമുഖ്യമില്ല. അതുകൊണ്ടാണ് അവര്‍ക്ക് ഇവിടെ വളരാന്‍ കഴിയാത്തത്. സംസ്ഥാനത്ത് എന്‍ഡിഎയുടെ പ്രവര്‍ത്തനമൊന്നും വേണ്ട വിധത്തില്‍ നടക്കുന്നില്ല. ബിജെപി നേതാക്കള്‍ തന്നെയാണ്  ഇതിനു കാരണം. ഇതു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ചോദ്യത്തിന് അവിടത്തെ ഫലം കാത്തിരുന്നു കാണാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com