ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി 

ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ല. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയെ മറയാക്കി, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും കൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. 

കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറയാക്കി എല്ലാ മേഖലയിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പെന്‍ഷന്‍ കാര്യത്തില്‍ എല്‍ഡിഎഫിന് രണ്ട് നിലപാടാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ സമരം ചെയ്യും. ഭരണം ലഭിക്കുമ്പോള്‍ പെന്‍ഷന്‍ പ്രായം കൂട്ടാനുമാണ് പദ്ധതിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രായം 60 ആക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസിലെ വിടി ബല്‍റാമാണ് നോട്ടീസ് നല്‍കിയത്. നേരത്തെ പെന്‍ഷന്‍ പ്രായം 57 ആക്കാന്‍ ആലോചിച്ചപ്പോള്‍ സമരത്തിനിറങ്ങിയ യുവജന സംഘനകള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ബല്‍റാം കുറ്റപ്പെടുത്തി. 

അതേസമയം കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുക എന്നത് ഒരു നിര്‍ദേശം മാത്രമാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com