ടൂറിസം വളരാന്‍ 'നൈറ്റ് ലൈഫ്' വേണം ; രാത്രി വിനോദം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

രാത്രികാലങ്ങളിലും സ്മാരകങ്ങളില്‍ പ്രവേശനമനുവദിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്
ടൂറിസം വളരാന്‍ 'നൈറ്റ് ലൈഫ്' വേണം ; രാത്രി വിനോദം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി :  ടൂറിസം വളരാന്‍ നൈറ്റ് ലൈഫ് വേണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇതു പറഞ്ഞാല്‍ കോലാഹലമാകും. പക്ഷെ, വിനോദസഞ്ചാരമേഖല സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്ന ശക്തിയായി മാറണമെങ്കില്‍ പകലെന്നപോലെ രാത്രിയും ഷോപ്പിങ്ങിന് സൗകര്യമുണ്ടാവണം. സ്മാരകങ്ങള്‍ രാത്രിയും പ്രവര്‍ത്തിക്കണമെന്നും, രാത്രി വിനോദം ടൂറിസം സംസ്‌കാരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ സംഖ്യ ആദ്യമായി ഒരുകോടി കവിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം രാജ്യം സന്ദര്‍ശിച്ചത് ഒരുകോടി രണ്ടുലക്ഷം വിദേശസഞ്ചാരികളാണ്. 1.8 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് ലഭിച്ചത്. ടൂറിസത്തിലുള്ളത് 4.3 കോടി തൊഴിലവസരങ്ങളാണ്. ആകെ തൊഴില്‍ വിപണിയുടെ 12.36 ശതമാനമാണിത്. 

മൂന്നുവര്‍ഷത്തിനകം സഞ്ചാരികളുടെ സംഖ്യയും വരുമാനവും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നൈറ്റ് ലൈഫിന്റെ സാധ്യതകള്‍ ടൂറിസം മന്ത്രാലയം പരിശോധിക്കുന്നത്. ലോകത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം ഈ സാധ്യത തിരിച്ചറിഞ്ഞ് നേട്ടമുണ്ടാക്കുന്നു. രാത്രികാലങ്ങളിലും സ്മാരകങ്ങളില്‍ പ്രവേശനമനുവദിക്കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ രാത്രികാല വിനോദ പരിപാടികള്‍ സംഘടിപ്പിച്ച് ആശയപ്രചാരണം നടത്താനും പദ്ധതിയുണ്ടെന്നും കേന്ദ്ര ടൂറിസം മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com