സജി ചെറിയാന് നഴ്‌സുമാരുടെ സമരപന്തലില്‍ നിന്ന് ഒരു തുറന്ന കത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th March 2018 09:01 PM |
Last Updated: 14th March 2018 09:01 PM | A+A A- |

ആലപ്പുഴ: ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് തുറന്ന കത്തുമായി യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ്. ചേര്‍ത്തല കെ.വി.എം സമരപന്തലില്‍ മരണം വരെ നിരാഹാരമിരിക്കുകയാണ് യുഎന്‍എ യൂണിറ്റ് പ്രസിഡന്റ് ജിജി ജേക്കബ്. ഫേസ്ബുക്കിലാണ് ജിജി തന്റെ കത്തിന്റെ പൂര്‍ണ്ണ രൂപം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചെങ്ങന്നൂരില്‍ വിജയിച്ചാല്‍ വീട് വച്ച് നല്‍കാമെന്ന് പറഞ്ഞ സജി ചെറിയാന്‍ എന്നാല്‍ കഴിഞ്ഞ 205 ദിവസമായി സമരമിരിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് ജിജിയുടെ കത്തില്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയാണ് സജി ചെറിയാന്‍. 'ഞാന്‍ ആ മണ്ഡലത്തില്‍ വോട്ടുള്ളവരല്ലെങ്കിലും ഞങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളവരാണ്. അവരുടെ കുടുംബാംഗങ്ങളടക്കം അവിടെ വോട്ടുള്ളവരാണ്. അങ്ങയുടെ ഈ ജനതാല്പര്യം അവരില്ലെല്ലാം ചര്‍ച്ചയാണ്. പക്ഷെ, പാവങ്ങള്‍ക്ക് വീട് വച്ച് കൊടുക്കാന്‍ താല്പര്യം പ്രകടിപ്പിക്കുന്ന അങ്ങേയ്ക്ക് തൊട്ടപ്പുറത്ത് ചേര്‍ത്തലയില്‍ സമരമിരിക്കുന്ന നഴ്‌സുമാരുടെ പ്രശ്‌നം ഇടപെട്ട് തീര്‍ക്കാന്‍ മനസില്ലെന്ന തരത്തിലാണ് ഇവരുടെയെല്ലാം വര്‍ത്തമാനം ''
തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എന്ന് ഭൂരിഭാഗം പേരും അവകാശപ്പെടുന്ന സിപിഐഎം നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് തങ്ങള്‍ക്ക് ഈ 205 ദിവസമായി സമരത്തില്‍ ഇരിക്കേണ്ടി വരുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമല്ല എന്ന് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പറയാനായിട്ടെങ്കിലും സമര പന്തലില്‍ സജി ചെറിയാന്‍ വരണമെന്നാണ് അവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.
'' ഒരു പക്ഷേ ഞാന്‍ ഇവിടെ നിരാഹാരം കിടന്ന് ചത്തു പോയേക്കാം. അതൊന്നും താങ്കള്‍ക്കും താങ്കളുടെ പ്രസ്ഥാനത്തിനും പ്രശ്‌നമല്ലെന്നറിയാം. പക്ഷേ ഈ ലോകം അറിയണം ഞങ്ങള്‍ ഇത് താങ്കളെ ധരിപ്പിച്ചിരുന്നു എന്നുള്ളത്. അതോടൊപ്പം പറയട്ടെ താങ്കള്‍ എല്ലാവര്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കുമ്പോള്‍ ഞങ്ങളെ കൂടി പരിഗണിക്കണം. കാരണം ഈ സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വീടില്ലാത്തവരാണ്. ഞങ്ങള്‍ ഈ സമരത്തില്‍ നിന്ന് വിജയമില്ലാതെ പിന്‍മാറില്ല. ഇനി ഇവിടെ കിടന്നു ചാവുകയാണങ്കിലും ഞങ്ങളുടെ കുട്ടികള്‍ക്ക് താങ്കള്‍ പറഞ്ഞ വീടു നല്‍കണം. അങ്ങനെ ഒരു മനസ്സലിവെങ്കിലും പാവങ്ങളായ ഞങ്ങളോട് കാട്ടുമല്ലോ. ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു '' എന്നാണ് തുറന്ന കത്തിലെഴുതിയത്