അതിതീവ്ര ന്യൂനമര്‍ദ്ദം കേരള തീരത്തിനരികെ ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

റവന്യൂ, ഫിഷറീസ്, പൊലീസ് വകുപ്പുകളോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
അതിതീവ്ര ന്യൂനമര്‍ദ്ദം കേരള തീരത്തിനരികെ ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശനിയാഴ്ച വൈകീട്ട് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അതേസമയം ചൂഴലിക്കാറ്റിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ന്യൂനമര്‍ദം തിരുവനന്തപുരത്തിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറന്‍ ദിശയിലാണ് എത്തിയിരിക്കുന്നത്.  

തിരമാലകള്‍  2.8 മുതല്‍  3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളില്‍ അടിക്കുമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് മേഖലയില്‍  നാശനഷ്ടത്തിന് സാധ്യതയുണ്ട്. സംസ്ഥാനത്താകെ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.  മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കി. 

നിലവില്‍  തീരദേശത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പര്‍ അപായ സൂചന ഉയര്‍ത്തി. കോസ്റ്റ് ഗാര്‍ഡ് ആറു കപ്പലുകളും നാല് വിമാനങ്ങളും വിന്യസിച്ചു. ബേപ്പൂര്‍-ലക്ഷദ്വീപ് കപ്പല്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. റവന്യൂ, ഫിഷറീസ്, പൊലീസ് വകുപ്പുകളോട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com