തൊഴില്‍ മേള പ്രചാരണമേളയായി; കേന്ദ്രപദ്ധതി പാര്‍ട്ടി പരിപാടിയാക്കി ചെങ്ങന്നൂരില്‍ വോട്ടാക്കി മാറ്റാന്‍ ബിജെപി 

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മേള ചെങ്ങന്നൂരില്‍ വോട്ടാക്കി മാറ്റാനുളള തന്ത്രവുമായി ബിജെപി.
തൊഴില്‍ മേള പ്രചാരണമേളയായി; കേന്ദ്രപദ്ധതി പാര്‍ട്ടി പരിപാടിയാക്കി ചെങ്ങന്നൂരില്‍ വോട്ടാക്കി മാറ്റാന്‍ ബിജെപി 

ചെങ്ങന്നൂര്‍: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മേള ചെങ്ങന്നൂരില്‍ വോട്ടാക്കി മാറ്റാനുളള തന്ത്രവുമായി ബിജെപി. കേന്ദ്ര തൊഴില്‍ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍  ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ പി എസ് ശ്രീധരന്‍ പിളളയുടെ പ്രചാരണ പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്നതിനുളള കൗശല്‍മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അഡ്വ പി എസ് ശ്രീധരന്‍പിളള ഭദ്രദീപം തെളിയിച്ചു. കേ്ന്ദ്രസര്‍ക്കാര്‍ പരിപാടി ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാക്കിയതിന് എതിരെ മറ്റു പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായുളള കൗശല്‍ മേള  ബുധന്‍, വ്യാഴം ദിനങ്ങളിലായി ചെങ്ങന്നൂരിലും മാന്നാറിലും നടക്കുകയാണ്.
ഇതിനെ വോട്ടാക്കി മാറ്റാന്‍ ബിജെപി തെരഞ്ഞെടുപ്പ്  പ്രചാരണ പരിപാടിയാക്കി മാറ്റിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ സ്വാധീനിക്കുന്ന നിലയിലുളള ഇടപെടല്‍ നടത്തരുതെന്നാണ് കീഴ്‌വഴക്കം. ഇത് കാറ്റില്‍ പറത്തി കേന്ദ്രസര്‍ക്കാര്‍ പദ്ധതി തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരിക്കുകയാണ്. ഇതുകൂടാതെ കൗശല്‍ മേളയുടെ പോസ്റ്ററുകളില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒപ്പം പി എസ് ശ്രീധരന്‍ പിളളയും ഇടംപിടിച്ചിട്ടുണ്ട്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുളള ബിജെപിയുടെ ശ്രമമാണെന്നാണ് ആരോപണം. 

18 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുളള യുവതി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ടാണ് കൗശല്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയില്‍ സജീവ സാന്നിധ്യമായി ശ്രീധരന്‍പിളളയെ നിര്‍ത്തിയത് യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണെന്ന് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നു. ചെങ്ങന്നൂരില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ യുവാക്കളുടെ വോട്ടും നിര്‍ണായകമാണ്. 

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ അഭിമാനപ്രശ്‌നമായാണ് ബിജെപി കാണുന്നത്. പാര്‍ട്ടിക്ക് വേരോട്ടമില്ലാതിരുന്ന ത്രിപുരയില്‍ സിപിഎമ്മിന്റെ ചെങ്കോട്ടയില്‍ ബിജെപി താമര വിരിയിച്ചത് കേരള ഘടകത്തിനുളള സന്ദേശം കൂടിയാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായെ തൃപ്തിപ്പെടുത്തുകയുമില്ല. ഈ പശ്ചാത്തലത്തില്‍ ആസന്നമായിരിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജീവന്മരണ പോരാട്ടം നടത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താനുളള ശ്രമത്തിലാണ് ബിജെപി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com