'ബിജെപിയുടെ വര്‍ഗീയ വിഷജ്വരത്തില്‍ നിന്ന് ജനം മുക്തരാകുന്നതിന്റെ സൂചന'

തുടര്‍ച്ചയായ ഒമ്പതു തവണ ജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ടി നേടിയ ഉജ്വല വിജയം സംഘപരിവാറിന്റെ പേശീബലത്തിനും രാഷ്ട്രീയത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്
'ബിജെപിയുടെ വര്‍ഗീയ വിഷജ്വരത്തില്‍ നിന്ന് ജനം മുക്തരാകുന്നതിന്റെ സൂചന'

കൊച്ചി: ഇന്ത്യയില്‍ ബിജെപി അപ്രതിരോധ്യമായ ശക്തിയൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പു ഫലമെന്ന് മന്ത്രി തോമസ് ഐസക്ക്.  തുടര്‍ച്ചയായ ഒമ്പതു തവണ ജയിച്ച ഗോരഖ്പൂര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ടി നേടിയ ഉജ്വല വിജയം സംഘപരിവാറിന്റെ പേശീബലത്തിനും രാഷ്ട്രീയത്തിനുമേറ്റ കനത്ത തിരിച്ചടിയാണ്. ഈ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം നല്‍കുന്നതോടൊപ്പം 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും - തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ബിജെപിയുടെ ഉരുക്കു കോട്ടകളായി പരിഗണിക്കപ്പെട്ട മണ്ഡലങ്ങളാണ് ഗോരഖ്പൂരും ഫൂല്‍പൂരും. സംഘപരിവാര്‍ പയറ്റുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമാണ് ഗോരഖ്പൂര്‍. യോഗി ആദിത്യനാഥിനു മുമ്പ് മഹന്ത് അവൈദ്യനാഥായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഗോരഖ്പൂര്‍ മഠത്തിലെ ഏറ്റവും ശക്തരായ സന്ന്യാസിമാരായിരുന്നു ഇവര്‍ രണ്ടുപേരും. 1989 മുതല്‍ ഈ മണ്ഡലം ബിജെപിയുടെ ഉറച്ച കോട്ടയാണ്. കാല്‍നൂറ്റാണ്ടുകാലത്തെ ഹിന്ദുത്വ ആധിപത്യത്തിനാണ് ഇപ്പോള്‍ കനത്ത തിരിച്ചടിയേറ്റത്.

ബിജെപിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച തുടങ്ങിക്കഴിഞ്ഞു എന്ന സൂചന കൂടി ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ തിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കുണ്ട്. 2009ല്‍ ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം വോട്ടുകള്‍ 2014ല്‍ അധികം നേടി വിജയിച്ച മണ്ഡലമാണ് ബിജെപിയ്ക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങള്‍ ബിജെപിയ്ക്കു നഷ്ടപ്പെട്ടതിന്, വര്‍ഗീയതയുടെ വിഷജ്വരത്തില്‍ നിന്ന് ആ പാര്‍ടിയുടെ അണികള്‍ സാവധാനം മുക്തരാകുന്നതിന്റെ സൂചന കൂടി കാണാം- ഐസക്ക് കുറിച്ചു.

മതേതര ഇന്ത്യയ്ക്ക് ഈ തിരഞ്ഞെടുപ്പു ഫലം വലിയ പ്രതീക്ഷയും ഊര്‍ജവുമാണ് നല്‍കുന്നത്. 2014നു ശേഷം രാജ്യത്തു നടന്ന ബിജെപി വിജയിച്ച 21 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു നടന്നത്. അതില്‍ ആറു മണ്ഡലങ്ങളിലും അവര്‍ തോല്‍ക്കുകയാണ് ചെയ്തത്. അവയില്‍ ബിജെപിയെ ഏറ്റവും ഉലയ്ക്കുന്ന തോല്‍വിയാണ് ഉത്തര്‍പ്രദേശിലുണ്ടായത്.

സമാജ് വാദി, ബിഎസ്പി പാര്‍ടികള്‍ രാജ്യത്തിന്റെ ചുവരെഴുത്തു മനസിലാക്കിയാണ് തെരഞ്ഞെടുപ്പു പോരാട്ടത്തെ സമീപിച്ചത്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ഈ സംസ്ഥാനങ്ങളില്‍ ഈ തിരഞ്ഞെടുപ്പിലും അവര്‍ക്കു കാര്യമായ യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്ന കാര്യവും ഓര്‍ക്കണം- ഐസക്ക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com