രാഷ്ട്രീയ നേതാവിന്റെ പേരിലല്ല ആ കലാലയം അറിയപ്പെടേണ്ടത്: ശാരദക്കുട്ടി

പമ്പാ നദിയുടെ സമീപത്തുള്ള ആ കോളജിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇപ്പോഴുള്ളത് എന്നും അത് മാറ്റരുത് എന്നുമാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്. 
രാഷ്ട്രീയ നേതാവിന്റെ പേരിലല്ല ആ കലാലയം അറിയപ്പെടേണ്ടത്: ശാരദക്കുട്ടി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള പമ്പാ കോളജിന്റെ പേര് മാറ്റുന്നതിനെതിരെ സാമൂഹ്യപ്രവര്‍ത്തക ശാരദക്കുട്ടി രംഗത്ത്. പമ്പാ നദിയുടെ സമീപത്തുള്ള ആ കോളജിന് ഏറ്റവും അനുയോജ്യമായ പേരാണ് ഇപ്പോഴുള്ളത് എന്നും അത് മാറ്റരുത് എന്നുമാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നത്. പമ്പാ കോളേജിന്റെ പേര് പികെ ചന്ദ്രാനന്ദന്‍ കോളേജ് എന്നാക്കി മാറ്റുന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ എതിര്‍ക്കണമെന്ന് കോളജിലെ ഇടത് സംഘടനകളോടാണ് ശാരദക്കുട്ടി ആവശ്യപ്പെടുന്നതും.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ വളരെ പ്രശസ്തമായ നദിയാണ് പമ്പ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു കോളേജ് ആ നദീതീരത്ത് സ്ഥാപിക്കുമ്പോൾ, ഏറ്റവും അനുയോജ്യമായ പേരു തന്നെയാണ് അതിന് തെരഞ്ഞെടുത്തത് .പമ്പാ കോളേജ്. പമ്പാനദി കോളേജിനെ അരഞ്ഞാണം പോലെ ചുറ്റിയൊഴുകുന്നു. പമ്പയിലെ കാറ്റും ജലത്തിന്റെ കുളിരും അതു പകരുന്ന പച്ചപ്പും ഞങ്ങളുടെ വിദ്യാർഥികളുടെ ഊർജ്ജവും ഉന്മേഷവുമാണ്. ഒരു നദിയുടെ പേരിൽ ഒരു കലാലയം അറിയപ്പെടുന്നതിന്റെ സാംസ്ക്കാരിക ചൈതന്യമാണ് ഞങ്ങളെ ആവേശം കൊള്ളിച്ചിട്ടുള്ളത്. നദിക്ക് കൊടി ഭേദമോ നിറഭേദമോ ഇല്ലെങ്കിലും കോളേജ് എല്ലാ കാലത്തും ചുവപ്പിനോടു ചേർന്നേ നിന്നിട്ടുള്ളു. മതമോ വർഗ്ഗീയതയോ വിഷലിപ്തമാക്കാതെ ആ കാംപസിനെ കാത്തതും ഇടതു രാഷ്ട്രീയത്തിന്റെ ജാഗ്രതയാണ്.

ആ ഇടതു വിദ്യാർഥി സംഘടനകളോടാണ് ഞാനഭ്യർഥിക്കുന്നത്. പമ്പാ കോളേജിന്റെ പേര് പി കെ ചന്ദ്രാനന്ദൻ കോളേജ് എന്നാക്കി മാറ്റുന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തെ നിങ്ങൾ എതിർക്കണം.രാഷ്ട്രീയ നേതാവിന്റെ പേരിലല്ല, ആ പ്രദേശത്തെ നിത്യഹരിത മാക്കി നിലനിർത്തുന്ന നദിയുടെ പേരിൽത്തന്നെ വേണം കലാലയം അറിയപ്പെടാൻ. അതൊരു സംസ്കാരത്തിന്റെ അടയാളമാണ്. അതു നശിപ്പിക്കാൻ കൂട്ടുനിൽക്കാതെ, നിങ്ങൾ നിങ്ങളുടെ സാംസ്കാരിക ബോധം, രാഷ്ട്രീയ ബോധം ഉയർത്തിപ്പിടിക്കേണ്ട സാഹചര്യമിതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com