കീഴാറ്റൂരില്‍ കണ്ടത് നന്ദിഗ്രാമിന്റെ തുടര്‍ച്ച; സിപിഎം നിലപാടുകള്‍ ബിജെപിയുടെത്: ഉമ്മന്‍ചാണ്ടി

കീഴാറ്റൂരില്‍ സമന്വയത്തിന്റെ സമീപനം ഗവണ്മെന്റ് സ്വീകരിക്കണം. ചര്‍ച്ചയിലൂടെ സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി
കീഴാറ്റൂരില്‍ കണ്ടത് നന്ദിഗ്രാമിന്റെ തുടര്‍ച്ച; സിപിഎം നിലപാടുകള്‍ ബിജെപിയുടെത്: ഉമ്മന്‍ചാണ്ടി

കോട്ടയം: മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ വിജയം കൊട്ടിഘോഷിക്കുന്ന കേരളത്തിലെ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കര്‍ഷക വിരുദ്ധ സമീപനത്തിന്റെ തനിനിറമാണ് കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ കണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന വയല്‍കിളി പരിസ്ഥിതി പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്യുകയും, തീവ്രവാദ ബന്ധം ആരോപിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ഈ കൊടും ചൂടില്‍ തണലുപറ്റി സമരം ചെയ്യാന്‍ അവര്‍ തീര്‍ത്ത സമര പന്തല്‍ സിപിഐഎംകാര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കത്തിച്ചു കളയുകയും ചെയ്തത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പ്രതിഷേധകരവുമായ നടപടിയാണ്. നന്ദിഗ്രാമിലെയും, സിംഗൂരിലെയും കര്‍ഷകസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സിപിഎമ്മിന്റെ കര്‍ഷക വിരുദ്ധ നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് കീഴാറ്റൂരിലും കണ്ടത് .പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണത്തിലേറുമ്പോള്‍ നേര്‍ വിപരീതവും ചെയ്യുന്ന വൈരുധ്യമായ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.

തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ രാജ്യദ്രോഹികളും, തീവ്രവാദികളുമായി ചിത്രീകരിക്കുന്ന ബിജെപിയുടെ അതേ നിലപാട് തന്നെയാണ്, സമാധാനപരമായി സമരം ചെയ്ത വയല്‍കിളി പ്രവര്‍ത്തകര്‍ക്ക് തീവ്രവാദ ബന്ധം ആരോപിക്കുന്നതിലൂടെ സിപിഎം ചെയ്തതെന്ന് അദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആരും എതിരല്ല.അതിനുവേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടിയും വരും.ഭൂമി നഷ്ടപ്പെടുന്നവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആവശ്യങ്ങളും ഗവണ്മെന്റ് മനസിലാക്കുകയും അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു പരമാവധി പ്രശ്‌നപരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്.സമരം ചെയ്തവരെ പ്രകോപിപ്പിക്കുകയും വെല്ലുവിളിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ് . അത് ഒരിക്കലും ജനാധിപത്യ വ്യവസ്ഥിതിയില്‍ സ്വീകാര്യവും അല്ല.കീഴാറ്റൂരില്‍ സമന്വയത്തിന്റെ സമീപനം ഗവണ്മെന്റ് സ്വീകരിക്കണം. ചര്‍ച്ചയിലൂടെ സമരക്കാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com