യുഎപിഎ ഒഴിവാകുമോ ? കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയിൽ വിധി ഇന്ന് 

യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം
യുഎപിഎ ഒഴിവാകുമോ ? കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയിൽ വിധി ഇന്ന് 

കൊച്ചി: ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെയുള്ള ഹര്‍ജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നാലു പ്രതികള്‍ ആണ് സി ബി ഐ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രണ്ടുദിവസത്തെ വാദത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. 

യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരും നേരത്തെ സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളെ ചുമതലപ്പെടുത്തിയ ശേഷം പ്രോസിക്യൂഷന്‍ അനുമതി നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് തന്നെയാണെന്ന് സിബിഐയുടെ നിലപാട്. കേസിലെ 25-ാം പ്രതിയായ പി. ജയരാജനാണ് കുറ്റകൃത്യത്തിലെ മുഖ്യ ആസൂത്രകന്‍ എന്നാണ് സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. 

സിപിഎം പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന്‍ (56), തലശേരി ഈസ്റ്റ് കതിരൂര്‍ സ്വദേശികളായ കുന്നുമ്മല്‍ റിജേഷ് (റിജു–39), കട്ട്യാല്‍ മീത്തല്‍ മഹേഷ് (39), കുളപ്പുറത്തുകണ്ടി സുനില്‍ കുമാര്‍ (42), കണ്ണൂര്‍ കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ മംഗലശേരി വി.പി. സജിലേഷ് (31) എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. 

കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജ് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായവരുടെ കുടുംബത്തിലെ അംഗമായിരുന്ന മനോജ്, പിതാവിന്റെ മരണശേഷം ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ സിപിഎം വിട്ടുപോവുന്ന പ്രവണത തടയാനായി 1997ല്‍തന്നെ മനോജിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനിടെ 1999ല്‍ പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായി. 2009ല്‍ വീണ്ടും മനോജിനെ വധിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com