യുവാക്കളും പുതുമുഖങ്ങളും ത്രിശങ്കുവില്‍ ; കെപിസിസി അംഗങ്ങളുടെ പ്രത്യേക പട്ടിക കേന്ദ്ര നേതൃത്വം വീണ്ടും തള്ളി

പ്രത്യേക പട്ടികയില്‍ 80 പേര്‍ക്ക് പകരം 100 പേരുടെ പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ചത്
യുവാക്കളും പുതുമുഖങ്ങളും ത്രിശങ്കുവില്‍ ; കെപിസിസി അംഗങ്ങളുടെ പ്രത്യേക പട്ടിക കേന്ദ്ര നേതൃത്വം വീണ്ടും തള്ളി

ന്യൂഡല്‍ഹി : കേരളത്തില്‍ നിന്നുള്ള കെപിസിസി അംഗങ്ങളുടെ പ്രത്യേക പട്ടിക കേന്ദ്ര നേതൃത്വം വീണ്ടും തള്ളി. ഇത് രണ്ടാം വട്ടമാണ് കെപിസിസി നേതൃത്വം നല്‍കുന്ന പട്ടിക നിരാകരിക്കുന്നത്. ഇതോടെ എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കേണ്ട യുവാക്കളും പുതുമുഖങ്ങളും ഉള്‍പ്പെട്ട നിരവധിപേര്‍ ത്രിശങ്കുവിലായി. എഐസിസി സമ്മേളനം നാളെ തുടങ്ങാനിരിക്കെ, പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന് പലര്‍ക്കും തീര്‍ച്ചയില്ലാത്ത അവസ്ഥയാണ്. 

കേരളത്തില്‍ നിന്ന് 65 എഐസിസി അംഗങ്ങള്‍ക്കു പുറമെ 283 കെപിസിസി അംഗങ്ങള്‍ക്കും പ്രത്യേക പട്ടികയിലുള്ള 80 പേര്‍ക്കും ഡിസിസി പ്രസിഡന്റുമാര്‍ക്കുമാണ് എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാവുന്നത്. ഇതില്‍ പ്രത്യേക പട്ടികയിലെ 80 പേരുടെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നത്. 

പ്രത്യേക പട്ടികയില്‍ 80 പേര്‍ക്ക് പകരം 100 പേരുടെ പട്ടികയാണ് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് അയച്ചത്. ഗ്രൂപ്പ് വീതം വെപ്പാണ് പട്ടികയിലെ അംഗസംഖ്യ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമായത്. ഇതിലുള്ള അതൃപ്തിയും പട്ടിക നിരാകരിക്കുന്നതിന് കാരണമായെന്നാണ് സൂചന.  

എഐസിസി മാനദണ്ഡങ്ങള്‍ പാലിച്ച് പട്ടിക തയാറാക്കാന്‍ സംസ്ഥാന ഘടകത്തിനു കഴിയാത്തതാണു പ്രശ്‌നമെന്ന് പ്രമുഖ എഐസിസി നേതാവ് പറഞ്ഞു. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിക സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com