ക്വാറിക്കെതിരെ 347 ദിവസം സമരം ചെയ്തയാളെ ജയിലലടച്ചു; ഒടുവില്‍ ഭ്രാന്താശുപത്രിയിലും

നീതിനിഷേധം മൂലം നിരാശനായ ഈ മനുഷ്യന്‍ മാര്‍ച്ച് ഏഴിന് സെക്രട്ടറിയേറ്റിനു മുന്നില്‍ തുടര്‍ന്ന് വന്നിരുന്ന സമരവേദിയില്‍ വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒന്‍പതിന് ആത്മഹത്യാ ശ്രമത്തിനു അറ
ക്വാറിക്കെതിരെ 347 ദിവസം സമരം ചെയ്തയാളെ ജയിലലടച്ചു; ഒടുവില്‍ ഭ്രാന്താശുപത്രിയിലും

തിരുവനന്തപുരം: ക്വാറിക്കെതിരെ 347 ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരമിരുന്ന യുവാവ് ജയിലടച്ചതിന് പിന്നാലെ ഭ്രാന്താശുപത്രിയില്‍. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സേതുവിനാണ് ഈ ദുരനുഭവം. നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തെ തുടര്‍ന്ന് അധികൃതരുടെ തുടര്‍ച്ചയായ അവഗണനയെ തുടര്‍ന്ന് സേതു ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന ജയിയലിലടച്ച സേതുവിനെ ഭ്രാന്താശുപത്രിയില്‍ അടച്ചുവെന്നാരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തുവന്നു.വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളം പുലരുന്നത് ഒരു പക്ഷേ സേതുവിന്റെ മരണവാര്‍ത്ത കേട്ടായിരിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 

കിളിമാനൂര്‍ തോപ്പില്‍ സ്വദേശിയാണ് സേതു. തോപ്പില്‍ കോളനിക്കുള്ളിലെ സേതുവിന്റെ വീടിനടുത്ത് വെറും 130 മീറ്റര്‍ ദൂരത്തിലാണ് എ. കെ.ആര്‍ എന്ന ക്വാറി. പലപ്പോഴും ഇവിടെ പാറ പൊട്ടിക്കുമ്പോള്‍ ചുറ്റുവട്ടത്തുള്ള വീടുകളിലേയ്ക്ക് കല്ലുകള്‍ പറന്നു വരും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുപ്പത്തി ഒന്നിന് വലിയ പാറക്കല്ല് സേതുവിന്റെ വീടിനു മുകളില്‍ വന്നു വീണു. അടുക്കള ഭിത്തിയും ടെറസിനുമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. സേതുവിന്റെ ഭാര്യയും രണ്ടു പെണ്മക്കളും അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.ആളുകള്‍ അറിയും മുന്നേ കല്ല് എടുത്തു മാറ്റാനുള്ള ശ്രമവുമായി ക്വാറിയില്‍ നിന്നും ആളുകള്‍ എത്തി. എന്നാല്‍ കല്ലെടുത്തു മാറ്റാന്‍ സമ്മതിക്കാതിരുന്ന സേതുവിന്റെ ഭാര്യയെയും പെണ്മക്കളെയും ക്വാറി ഉടമയുടെ ഗുണ്ടകള്‍ ഉപദ്രവിച്ചു.

ഭര്‍ത്താവ് വന്നിട്ട് കല്ലെടുത്ത് കൊണ്ടുപോയാല്‍ മതിയെന്ന് ഞാന്‍ അന്ന് വന്ന ഗുണ്ടകളോട് പറഞ്ഞു. എന്നാല്‍ അവര്‍ ഞങ്ങളെ പിടിച്ചു തള്ളുകയും ഉപദ്രവിക്കുകയും ചെയ്തു. അത് ചോദിക്കാന്‍ പോയ ഭര്‍ത്താവ് നിരാശനായാണ് തിരിച്ചു വന്നതെന്നും ഭാര്യ പറയുന്നു. പിറ്റേന്ന് കിളിമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടും മറുപടി ഒന്നും ലഭിക്കാതിരുന്നതിനാല്‍ പിന്നീട് മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും റവന്യൂമന്ത്രിക്കും ഒക്കെ പരാതി കൊടുത്തു. അവിടെ നിന്നും ഒന്നും നടക്കാതായപ്പോള്‍ ഏപ്രില്‍ മൂന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ഇരുന്നു.

വീണ്ടും മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചെങ്കിലും മൂന്നു ദിവസത്തിനകം നടപടി എടുക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  എന്നാല്‍ ഏഴു ദിവസം കഴിഞ്ഞിട്ടും നടപടി ഒന്നും ഉണ്ടായില്ല. അന്ന് ആത്മഹത്യക്ക് ശ്രമിച്ച കുറ്റത്തിന് അഞ്ചു ദിവസം ജയിലിലായിരുന്നു. പിന്നെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ഇരിക്കരുതെന്നു പറഞ്ഞു. കളക്ടറേറ്റിനു മുന്നിലായിരുന്നു പിന്നീട് സമരം. അവിടുന്ന് രണ്ടു മാസം കഴിഞ്ഞു പിന്നെ സെക്രട്ടറിയേറ്റിനു മുന്നില്‍ വന്ന് വീണ്ടും സമരം. മാര്‍ച്ച് ഏഴാം തീയതി കൈഞ്ഞരമ്പ് മുറിച്ച് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഒന്‍പതാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും സേതുവിന്റെ ഭാര്യ പറയുന്നു

ക്വാറിയുടെ ആള്‍ക്കാര്‍ക്ക് നല്ല പിടിപാടുണ്ട്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുമ്പോള്‍ ഭീഷണിയുമായി സ്ഥിരം ആളുകള്‍ എത്തുമായിരുന്നു. ആദ്യമൊക്കെ നന്നായി സംസാരിക്കും. സമരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം തരാമെന്നു പറയും. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കാണുമ്പോള്‍ ഭീഷണിപ്പെടുത്തിയതായും ഭാര്യ പറഞ്ഞു. കളക്ടറേറ്റില്‍ ആര്‍ ഡി ഓയുമായി ചര്‍ച്ചയ്ക്ക് എന്റെ ഭര്‍ത്താവിനെ വിളിച്ചു. അന്ന് ക്വാറി ഉടമ അജിത് കുമാര്‍ അവിടെ ഉണ്ടായിരുന്നു. അന്നും പൈസ തന്നു ഒത്തുതീര്‍ക്കാം എന്നാണു ഈ ഉദ്യോഗസ്ഥര്‍ അടക്കം പറഞ്ഞത്. എനിക്ക് പൈസ വേണ്ടെന്നും വീടിനുണ്ടായ നഷ്ടം നികത്തണം. വീട്ടില്‍ വന്നു എന്നെയും ഉപദ്രവിച്ചതിന് പട്ടികജാതി നിയമപ്രകാരം കേസെടുക്കണം. ക്വാറിയും പൂട്ടണമെന്ന കാര്യത്തില്‍ സേതു ഉറച്ചുനിന്നതായി ഭാര്യ പറയുന്നു.

ഒരു വര്‍ഷത്തോളമായി വരുമാനം നിലച്ചതോടെ സേതുവിന്റെ കുടുംബം പട്ടിണിയിലാണ്. സേതുവിന്റെ അടുത്തേക്ക് പോകാന്‍ വണ്ടിക്കൂലി പോലുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ബിന്ദു പറയുന്നു. സേതുവിന് ആരെങ്കിലും കരുണ തോന്നി നല്‍കുന്ന ചെറിയ തുക കരുതി വെച്ച് ബിന്ദുവിന്റെ കൈവശം കൊടുക്കും. ആ പൈസ മക്കളുടെ വണ്ടിക്കൂലിക്കും മറ്റുമായി അത് പോലെ മാറ്റി വെക്കും. ഡിഗ്രിക്ക് പഠിക്കുന്ന മകനും,പ്ലസ് വണ്ണിനും ഒന്‍പതാം കഌസ്സിലും പഠിക്കുന്ന രണ്ടു പെണ്മക്കളുമാണിവര്‍ക്ക്. 'മക്കള്‍ ആഗ്രഹിക്കുന്നത് വരെ അവരെ പഠിപ്പിക്കും. അതിനി ഞാന്‍ തെണ്ടിയിട്ടായാലും പഠിപ്പിക്കുമെന്നും ബിന്ദു പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com