പാര്‍ട്ടി കലശങ്ങളുമായി സിപിഎമ്മും ബിജെപിയും ; കണ്ണൂരില്‍ ക്ഷേത്രോല്‍സവങ്ങളും രാഷ്ട്രീയ ശക്തിപ്രകടനമാക്കുന്നു

നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത്
പാര്‍ട്ടി കലശങ്ങളുമായി സിപിഎമ്മും ബിജെപിയും ; കണ്ണൂരില്‍ ക്ഷേത്രോല്‍സവങ്ങളും രാഷ്ട്രീയ ശക്തിപ്രകടനമാക്കുന്നു

കണ്ണൂര്‍ :  ക്ഷേത്രങ്ങളിലെ ഉല്‍സവങ്ങളിലേക്കും ആരാധനച്ചടങ്ങുകളിലേക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ കടന്നുകയറ്റം. മുഴപ്പിലങ്ങാട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ 'കലശംവരവിന്റെ' പേരിലാണു സിപിഎമ്മും ബിജെപിയും 'പാര്‍ട്ടി കലശങ്ങളു'മായെത്തുന്നത്. മുളങ്കമ്പു വളച്ചു കെട്ടി വലിയ കുഴലിന്റെ രൂപത്തിലാക്കി, പൂക്കള്‍ കൊണ്ട് അലങ്കരിച്ചുണ്ടാക്കുന്ന കലശം നാടിന്റെ പലഭാഗങ്ങളില്‍ നിന്നു ചെറിയ സംഘങ്ങള്‍ ആര്‍പ്പുവിളികളോടെ ചുമലിലേറ്റി ക്ഷേത്രത്തിലെത്തിക്കുന്നതാണ് 'കലശംവരവ്'. ക്ഷേത്ര ഭാരവാഹികളുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത്. 

കലശംവരവ് ആചാരം സിപിഎമ്മും ബിജെപിയും ശക്തിപ്രകടനത്തിന്റെ വേദിയാക്കിയതോടെയാണ് പാര്‍ട്ടി കലശങ്ങളും ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയത്. രക്തസാക്ഷി സ്തൂപങ്ങളുടെ മാതൃകയുമായി സിപിഎം എത്തുമ്പോള്‍, തൃശൂലത്തിന്റെയും ഓംകാരത്തിന്റെയും രൂപങ്ങളാണ് ബിജെപിയുടെ കലശങ്ങള്‍. ക്ഷേത്രനടയില്‍ ഓരോ സംഘവും മേളക്കാരെ കൊണ്ട് അര മണിക്കൂറോളം നിന്നു കൊട്ടിക്കും. പ്രവര്‍ത്തകര്‍ അതിനൊപ്പം ചുവടു വയ്ക്കും. ഇതോടെ, മറ്റു കലശക്കാര്‍ക്കു ക്ഷേത്രം വലം വയ്ക്കാന്‍ കഴിയാതെയാകുന്ന സ്ഥിതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കലശങ്ങളുടെ രൂപവും അളവുകളും ആചാര പ്രകാരമായിരിക്കണമെന്നും സംഘങ്ങള്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്നും ക്ഷേത്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും പേരിലെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ ഇതു വകവെക്കുന്നില്ല. ഇത്തവണ സമര്‍പ്പിക്കപ്പെട്ട 79 കലശങ്ങളില്‍ പത്തെണ്ണം പാര്‍ട്ടികളുടേതായിരുന്നു. പാര്‍ട്ടികലശം കലക്ടര്‍ ഇടപെട്ട് നിരോധിക്കണമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. കണ്ണൂരിലെ കക്ഷിരാഷ്ട്രീയ ശത്രുതയ്ക്ക് ക്ഷേത്രങ്ങളും ഇരയാവുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com