'ഹിന്ദു, മുസ്ലിം തീവ്രവാദികള്‍ക്കും ചാരുകസേര മാവോവാദികള്‍ക്കും 'നന്ദിഗ്രാം' സ്വപ്‌നം കാണാനുളള ഒരിടമായി കീഴാറ്റൂരിനെ മാറ്റാമെന്ന് ആരെക്കെയോ കരുതുന്നു'

ജനങ്ങള്‍ പിന്മാറിയ ശേഷം ഡീസല്‍ക്കുപ്പിയും ആത്മഹത്യാ നാടകവുമായി ഇപ്പോള്‍ നടക്കുന്ന സമരം അപഹാസ്യമായി തോന്നുന്നു
'ഹിന്ദു, മുസ്ലിം തീവ്രവാദികള്‍ക്കും ചാരുകസേര മാവോവാദികള്‍ക്കും 'നന്ദിഗ്രാം' സ്വപ്‌നം കാണാനുളള ഒരിടമായി കീഴാറ്റൂരിനെ മാറ്റാമെന്ന് ആരെക്കെയോ കരുതുന്നു'

കൊച്ചി: ഇടതുപക്ഷ വിരോധികളായ കേരളത്തിലെ ഫ്യൂഡല്‍ നഷ്ടബോധ ബുദ്ധിജീവിതങ്ങളുടെ സാന്നിദ്ധ്യം സമരത്തെയും അതിന്റെ അടിസ്ഥാന കാരണത്തെയും വികലമാക്കാനേ ഉപകരിക്കൂവെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍.

രാഷ്ട്രീയ ഹിന്ദുത്വ ഭീകരതക്കെതിരായ ചെറുത്തുനില്‍പ്പ് പ്രസക്തമായ ഒരു ഘട്ടമാണ് ഇത്. ഹിന്ദു, മുസ്ലിം തീവ്രവാദികള്‍ക്കും ചാരുകസേര മാവോവാദികള്‍ക്കും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധ ജീര്‍ണ്ണശക്തികള്‍ക്കും മേളിച്ച് 'നന്ദിഗ്രാം' സ്വപ്നം കാണാനുള്ള ഒരിടമായി കീഴാറ്റൂരിനെ മാറ്റാമെന്ന് ആരെക്കെയോ കരുതുന്നുണ്ട് എന്ന് തോന്നുന്നു- അശോകന്‍ ചരുവില്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

ജനസാന്ദ്രത ഏറിയ സംസ്ഥാനമാണ് നമ്മുടേത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ റോഡുണ്ടാക്കുന്നത് കൂടുതല്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തും. അതുകൊണ്ടാണ് പലപ്പോഴും വയലുകള്‍ 'രക്തസാക്ഷി'യാവേണ്ടി വരുന്നത്. ചെകുത്താനും കടലിനുമിടയില്‍ ഇത് സഹിക്കുകയല്ലാതെ നിവൃത്തിയില്ല. പരമാവധി കൃഷിസൗകര്യം നിലനിര്‍ത്തിക്കൊണ്ടും ക്യഷിക്ക് പകരം സ്ഥലം ഒരുക്കിയും ഭൂമി നഷ്ടപ്പെടുക്കുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുത്തും ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം- അശോകന്‍ ചരുവില്‍ കുറിച്ചു.

കീഴാറ്റൂരില്‍ ആദ്യഘട്ടങ്ങളില്‍ നല്ല ജനപങ്കാളിത്തത്തോടെയാണ് സമരം നടന്നിരുന്നത്. ഇപ്പോള്‍ ഭൂരിഭാഗം പേരും സമരത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നു. ഭൂവുടമകളില്‍ നാലുപേര്‍ ഒഴികെ മറ്റെല്ലാവരും സമ്മതപത്രം നല്‍കി എന്നാണ് മനസ്സിലാവുന്നത്. 'വയല്‍ പാടെ ഇല്ലാതാകും' തുടങ്ങിയ ഊഹാപോഹങ്ങള്‍ മാറിക്കാണും. തളിപ്പറമ്പിനടുത്തുള്ള മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ജനദ്രോഹം കുറഞ്ഞ മാര്‍ഗ്ഗമാണ് കീഴാറ്റൂരിലെ വയല്‍ എന്ന് അവര്‍ കരുതിക്കാണണം. പട്ടണത്തിലെ തിരക്ക് അവരെയും ബാധിക്കുന്നതാണല്ലോ- ചരുവില്‍ പറഞ്ഞു.

ജനങ്ങള്‍ പിന്മാറിയ ശേഷം ഡീസല്‍ക്കുപ്പിയും ആത്മഹത്യാ നാടകവുമായി ഇപ്പോള്‍ നടക്കുന്ന സമരം അപഹാസ്യമായി തോന്നുന്നു - ചരുവില്‍ കുറിച്ചു 


അശോകന്‍ ചരുവിലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ വീടിനോട് ചേര്‍ന്നുള്ള കാട്ടൂര്‍ തെക്കുംപാടം നാലു പഞ്ചായത്തുകള്‍ക്കിടയിലെ വിശാലമായ വയലാണ്. ഇത്തവണ നൂറു ശതമാനവും കൃഷിയിറക്കി. കൊയ്യാന്‍ പാകത്തിന് സ്വര്‍ണ്ണനിറം പൂണ്ടുനില്‍ക്കുന്നു. ഇക്കുറി സാമാന്യം ഭേദപ്പെട്ട വിളവാണ്. 
മുന്‍പ് ഇല്ലാത്ത വിധം കേരളത്തിലങ്ങോളമുള്ള വയലുകളില്‍ ഉത്സാഹത്തോടെ കൃഷി നടക്കുന്നുണ്ട്. ജനങ്ങളിലുണ്ടായ അവബോധവും അതൊപ്പം സര്‍ക്കാരിന്റെ ഉത്സാഹവും സഹായവുമാണ് കാരണം. ജീവദായകമായ ഈ താല്‍പ്പര്യം നീണാള്‍ വാഴട്ടെ. 
പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്‍വയല്‍ നികത്തുന്നതിനെതിരെ സമരം ചെയ്ത സഖാക്കളെ 'വെട്ടിനിരത്തലുകാര്‍' എന്ന് ആക്ഷേപിച്ച പത്രമാധ്യമങ്ങള്‍ക്കു പോലും ഇപ്പോള്‍ നെല്‍കൃഷിയില്‍ താല്‍പ്പര്യമുണ്ടായിരിക്കുന്നു. വളരെ വളരെ നല്ല കാര്യം. എല്‍.ഡി.എഫ് മാനിഫെസ്‌റ്റോക്കും അതു നടപ്പാക്കിയവര്‍ക്കും നന്ദി.

സമൂഹം കൈവരിച്ച ഈ ഉല്‍കൃഷ്ട താല്‍പ്പര്യം തന്നെയാണ് വയല്‍ നികത്തുന്നതിനെതിരെ പൊതുവെ ജനങ്ങളില്‍ നിന്നുണ്ടാവുന്ന പ്രതിഷേധങ്ങള്‍. തളിപ്പറമ്പിനടുത്തുള്ള കീഴാറ്റൂരിലെ വയലിലൂടെ ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ അവിടത്തെ ജനങ്ങള്‍ പ്രതിഷേധിക്കുന്നതും സമരം ചെയ്യുന്നതും തികച്ചും സ്വഭാവികമാണ്. 
ആ പ്രദേശത്തിന്റെ രാഷ്ട്രീയ ഉദ്ബുദ്ധതയാണ് അത് കാണിക്കുന്നത്. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം അവര്‍ സമരത്തില്‍ നിന്ന് പിന്മാറിയതിനു കാരണവും അതേ ഉദ്ബുദ്ധത തന്നെയാണ്.

പ്രകൃതിയോട് ന്യായമായി ഇടപെട്ടുകൊണ്ടാണ് എക്കാലത്തും മനുഷ്യജീവിതം സാധ്യമായിട്ടുള്ളത്. അന്നം തരുന്ന വയലുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പും നമ്മള്‍ മാറ്റി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ കൊള്ളയടിക്കല്‍ തുടങ്ങിയത് മുതലാളിത്തം വന്നതുമുതല്‍ക്കാണ്. 
സഞ്ചാരത്തിന് സൗകര്യപ്പെട്ട റോഡുകള്‍ വേണമെന്നത് ഇന്ന് വയല്‍രക്ഷ പോലെ ഒരു ജനകീയ ജീവല്‍പ്രശ്‌നമായിരിക്കുന്നു. അതിനായുള്ള മുറവിളികള്‍ ഒരു ഭാഗത്ത് മുഴങ്ങുന്നു.

വയല്‍ സമരത്തിനു പോകുന്ന സമര ഭടന്മാരില്‍ത്തന്നെ പലരും സ്വന്തം കാര്‍ ഉപയോഗിക്കുന്നവരാണ്. വാഹനങ്ങളുടെ പെരുപ്പവും നമ്മുടെ റോഡുകളുടെ അവസ്ഥയും തമ്മില്‍ വലിയ വൈരുധ്യമുണ്ട്. ബ്ലോക്കില്‍പ്പെട്ട് നട്ടം തിരിയുന്ന മനുഷ്യര്‍. ചോര വാര്‍ന്നൊഴുകുന്ന നിരത്തുകള്‍. എത്ര ജീവിതമാണ് ഒരു ദിവസം തന്നെ റോഡില്‍ പൊലിയുന്നത്. എന്റെ അമ്മ, നാട്ടിലെ റോഡുകളുടെ പരിമിതിയുടേയും വാഹന ബാഹുല്യത്തിന്റേയും രക്തസാക്ഷിയാണ്. റോഡരുകിലൂടെ നടക്കുകയായിരുന്നു അമ്മ. വാഹനം ഇടിച്ചു മരിച്ചു. ഓര്‍ത്താല്‍ റോഡില്‍ നിത്യവും സഞ്ചരിക്കുന്ന നമ്മള്‍ ഓരോരുത്തരും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന സംഗതി അത്ഭുതകരമാണ്.

ഈ മട്ടിലുള്ള വാഹനപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയുമോ? കഴിയേണ്ടതാണ്. ലണ്ടന്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമുള്ളത് കണ്ടിട്ടുണ്ട്. പക്ഷേ അത്തരം നീക്കങ്ങള്‍ക്കുള്ള പഠനവും നിയമവും ഉണ്ടാകണം. ബദല്‍ സംവിധാനങ്ങളും വേണം. പൗരാവകാശ പ്രശ്‌നങ്ങളും ഉണ്ട്. പണ്ട് ഫ്യൂഡല്‍ പ്രഭുക്കളും ഉന്നത ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും മാത്രമേ കാറില്‍ സഞ്ചരിച്ചിരുന്നുള്ളു. അങ്ങനെയുള്ള ഒരു കാലത്തെ തിരിച്ചു കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാം എന്നു കരുതുന്നവര്‍ ഉണ്ട്. പക്ഷേ അത് സാധ്യമാകുമെന്നു തോന്നുന്നില്ല. വാഹനത്തില്‍ അപകടരഹിതമായി സഞ്ചരിക്കണം എന്നുണ്ടെങ്കില്‍ പുതിയ റോഡുകള്‍ വേണ്ടിവരും. ബൈപ്പാസുകള്‍ വേണം.

ജനസാന്ദ്രത ഏറിയ സംസ്ഥാനമാണ് നമ്മുടേത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ റോഡുണ്ടാക്കുന്നത് കൂടുതല്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തും. അതുകൊണ്ടാണ് പലപ്പോഴും വയലുകള്‍ 'രക്തസാക്ഷി'യാവേണ്ടി വരുന്നത്. ചെകുത്താനും കടലിനുമിടയില്‍ ഇത് സഹിക്കുകയല്ലാതെ നിവൃത്തിയില്ല. പരമാവധി കൃഷിസൗകര്യം നിലനിര്‍ത്തിക്കൊണ്ടും ക്യഷിക്ക് പകരം സ്ഥലം ഒരുക്കിയും ഭൂമി നഷ്ടപ്പെടുക്കുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം കൊടുത്തും ജീവല്‍പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.

കീഴാറ്റൂരില്‍ ആദ്യഘട്ടങ്ങളില്‍ നല്ല ജനപങ്കാളിത്തത്തോടെയാണ് സമരം നടന്നിരുന്നത്. ഇപ്പോള്‍ ഭൂരിഭാഗം പേരും സമരത്തില്‍ നിന്ന് പിന്മാറിയിരിക്കുന്നു. ഭൂവുടമകളില്‍ നാലുപേര്‍ ഒഴികെ മറ്റെല്ലാവരും സമ്മതപത്രം നല്‍കി എന്നാണ് മനസ്സിലാവുന്നത്. 'വയല്‍ പാടെ ഇല്ലാതാകും' തുടങ്ങിയ ഊഹാപോഹങ്ങള്‍ മാറിക്കാണും. തളിപ്പറമ്പിനടുത്തുള്ള മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ജനദ്രോഹം കുറഞ്ഞ മാര്‍ഗ്ഗമാണ് കീഴാറ്റൂരിലെ വയല്‍ എന്ന് അവര്‍ കരുതിക്കാണണം. പട്ടണത്തിലെ തിരക്ക് അവരെയും ബാധിക്കുന്നതാണല്ലോേ.

ജനങ്ങള്‍ പിന്മാറിയ ശേഷം ഡീസല്‍ക്കുപ്പിയും ആത്മഹത്യാ നാടകവുമായി ഇപ്പോള്‍ നടക്കുന്ന സമരം അപഹാസ്യമായി തോന്നുന്നു. ഇടതുപക്ഷ വിരോധികളായ കേരളത്തിലെ ഫ്യൂഡല്‍ നഷ്ടബോധ ബുദ്ധിജീവിതങ്ങളുടെ സാന്നിദ്ധ്യം സമരത്തെയും അതിന്റെ അടിസ്ഥാന കാരണത്തെയും വികലമാക്കാനേ ഉപകരിക്കൂ.
രാഷ്ട്രീയ ഹിന്ദുത്വ ഭീകരതക്കെതിരായ ചെറുത്തുനില്‍പ്പ് പ്രസക്തമായ ഒരു ഘട്ടമാണ് ഇത്. ഹിന്ദു, മുസ്ലിം തീവ്രവാദികള്‍ക്കും ചാരുകസേര മാവോവാദികള്‍ക്കും മറ്റ് കമ്യൂണിസ്റ്റ് വിരുദ്ധ ജീര്‍ണ്ണശക്തികള്‍ക്കും മേളിച്ച് 'നന്ദിഗ്രാം' സ്വപ്നം കാണാനുള്ള ഒരിടമായി കീഴാറ്റൂരിനെ മാറ്റാമെന്ന് ആരെക്കെയോ കരുതുന്നുണ്ട് എന്ന് തോന്നുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com