ഇടത്തോട്ടോ വലത്തോട്ടോ ? രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ 

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കലാണ് യോഗത്തിന്റെ മുഖ്യ അജണ്ട
ഇടത്തോട്ടോ വലത്തോട്ടോ ? രാഷ്ട്രീയ നിലപാട് തീരുമാനിക്കാന്‍ കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നാളെ 

കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിന്റെ നിര്‍ണായക സ്റ്റിയറിംഗ് കമ്മിറ്റി യോഗം നാളെ കോട്ടയത്ത് ചേരും. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് തീരുമാനിക്കലാണ് യോഗത്തിന്റെ മുഖ്യ അജണ്ട. മാണിഗ്രൂപ്പിന്റെ ഭാവി വ്യക്തമാകും എന്നതിനാല്‍ യോഗത്തിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. 

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ പരസ്യ പിന്തുണ നല്‍കാതെ തന്ത്രപരമായ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് സൂചന. മുന്നണിയില്‍ ചേക്കേറുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ അഭപ്രായസമന്വയം ഉണ്ടാകാത്ത സാഹചര്യത്തില്‍ ചെങ്ങന്നൂരില്‍ 'മനസ്സാക്ഷി വോട്ട്' പ്രഖ്യാപിക്കാനാണ് സാധ്യത. 

ഏതെങ്കിലും മുന്നണിക്കു പിന്തുണ പ്രഖ്യാപിക്കുകയും അവര്‍ പരാജയപ്പെടുകയും ചെയ്താല്‍ അതു ഭാവി സാധ്യതകള്‍ക്കു തടസ്സമാകും. ഇത് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നിലപാടിലേക്കെത്തുന്നത്. അതേസമയം രണ്ടു മുന്നണികളിലും ഇല്ലാതെ നില്‍ക്കുന്നതിലെ രാഷ്ട്രീയ അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. 

മാണി ഗ്രൂപ്പിന് സ്വാധീനമുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എന്നതിനാല്‍ അവരുടെ പിന്തുണയ്ക്കായി യുഡിഎഫും എല്‍ഡിഎഫും ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഇനിയും മാണി മനസ്സു തുറന്നിട്ടില്ല. അതേസമയം ഈ മാസം 23 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിന്റെ ആറ് എംഎല്‍എമാര്‍ ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ നാളത്തെ യോഗം തീരുമാനമെടുത്തേക്കും. എല്‍ഡിഎഫിന്റെ എംപി വീരേന്ദ്രകുമാറും യുഡിഎഫിന്റെ ബി ബാബുപ്രസാദുമാണ് മല്‍സരിക്കുന്നത്. സഭയില്‍ മികച്ച ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. തങ്ങളുടെ ആറ് എംഎല്‍എമാരുടെ വോട്ട് നിര്‍ണായകമല്ലാത്തതിനാല്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാമെന്ന നിര്‍ദേശം പാര്‍ട്ടി പരിഗണിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com