നിഷ ജോസ് പേര് വെളിപ്പെടുത്തണം; പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധം: വനിതാ കമ്മീഷന്‍

നിഷ ജോസ് പേര് വെളിപ്പെടുത്തണം; പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം സ്ത്രീവിരുദ്ധം: വനിതാ കമ്മീഷന്‍

പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ - . നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ സ്ത്രീവിരുദ്ധം


കൊച്ചി: നിഷ ജോസ് ഉയര്‍ത്തിയ ട്രെയിനിലെ കടന്നുപിടിക്കല്‍ വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍. പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ചോദിച്ചു. നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ സ്ത്രീവിരുദ്ധമാണെന്നും അവര്‍ പറഞ്ഞു.

പുസ്തകത്തിലൂടെ നിഷ ജോസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് നേരത്തെ രംഗത്ത് എത്തിയിരുന്നു. സംഭവത്തില്‍ ഷോണ്‍ ജോര്‍ജ് ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി. ആരാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ താന്‍ ട്രെയിന്‍ യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും. അന്നു മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അപമാനിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും അദേഹം അറിയിച്ചു.

നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് പീഡനശ്രമത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിമാക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്.എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ ജോസ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com