ഇവിടെ 'നോണ്‍' വേണ്ട ; ദേവസ്വം ബോര്‍ഡ് ആരംഭിച്ച 'നോണ്‍വെജ്' കാന്റീന്‍ മന്ത്രി 'സസ്യാഹാര' ഭക്ഷണശാലയാക്കി 

തിരുവനന്തപുരം നന്തന്‍കോട്ടെ രാജരാജേശ്വരി ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് മാംസ ഭക്ഷണശാല തുറന്നത്
ഇവിടെ 'നോണ്‍' വേണ്ട ; ദേവസ്വം ബോര്‍ഡ് ആരംഭിച്ച 'നോണ്‍വെജ്' കാന്റീന്‍ മന്ത്രി 'സസ്യാഹാര' ഭക്ഷണശാലയാക്കി 

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി തീരുമാനത്തിന് മന്ത്രിയുടെ തിരുത്ത്. തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്തെ ദേവീക്ഷേത്രത്തിന് സമീപം ബോര്‍ഡ് ആരംഭിച്ച നോണ്‍ വെജ് കാന്റീനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ട് സസ്യാഹാര ഭക്ഷണശാലയാക്കിയത്. ക്ഷേത്രത്തിന് സമീപത്തെ മാംസാഹാര ശാലയ്‌ക്കെതിരെ ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മന്ത്രി വിഷയത്തില്‍ ഇടപെട്ടത്. 

തിരുവനന്തപുരം നന്തന്‍കോട്ടെ രാജരാജേശ്വരി ക്ഷേത്ര മതില്‍ക്കെട്ടിനോട് ചേര്‍ന്നാണ് കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് മാംസ ഭക്ഷണശാല തുറന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്ഷണശാല എന്ന പേരിലാണ് ബോര്‍ഡ്.  ഹൈ ഡൈന്‍ റസ്റ്റോറന്റ് എന്ന് ഇംഗ്ലീഷിലും നെയിംബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

ചിക്കന്‍കറി, ചിക്കന്‍ പെരട്ട്, ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബിരിയാണി തുടങ്ങിയ നേണ്‍ വെജ് വിഭവങ്ങളാണ് ഇവിടെ വിളമ്പിയിരുന്നത്. പുറത്തുനിന്നുള്ള ഹോട്ടലുകളിലേതിനേക്കാള്‍ വന്‍ വിലക്കുറവുണ്ടായിരുന്നതിനാല്‍ വില്‍പ്പനയും തകര്‍ത്ത് മുന്നേറി. 

പതിവായി ക്ഷേത്രത്തിലെത്തുന്ന ഭക്തരാണ് ക്ഷേത്രത്തിന് സമീപത്തെ മാംസഭക്ഷണശാലക്കെതിരെ ആദ്യം പ്രതിഷേധവുമായി രംഗത്തെത്തുന്നത്. തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പ്രശ്‌നം ഏറ്റെടുത്തു. ക്ഷേത്രത്തിന് തൊട്ടുചേര്‍ന്ന് തന്നെ മാംസഭക്ഷണശാല ആരംഭിച്ചത് ബോധപൂര്‍വം ഭക്തരെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. 

വിഷയത്തില്‍ ഇന്നുമുതല്‍ പ്രത്യക്ഷസമരത്തിന് ഹിന്ദുസംഘടനകള്‍ തയ്യാറെടുത്തു. ഇതിനിടെയാണ് വിഷയം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ക്ഷേത്രത്തിന് സമീപമുള്ള കാന്റീനില്‍ ഇനി മുതല്‍ സസ്യാഹാരം മാത്രം വിളമ്പിയാല്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിനും സിപിഎമ്മിനും എതിരെയായിരുന്നു രൂക്ഷ വിമര്‍ശനം. 

നേരത്തെ ബുക്ക് സ്റ്റാള്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് റസ്‌റ്റോറന്റായി മാറ്റിയത്. അതേസമയം ദേവസ്വം ജീവനക്കാരില്‍ വലിയ വിഭാഗം മാംസാഹാരം കഴിക്കുന്നവരാണ്. അവര്‍ വീട്ടില്‍ നിന്നും ഇത്തരം ഭക്ഷണം കൊണ്ടുവന്ന് കഴിക്കാറുണ്ട്. അത് കാന്റീനിലും വിളമ്പിയാല്‍ എന്താണ് കുഴപ്പമെന്നാണ് മന്ത്രിയുടെ നിര്‍ദേശത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com