മാധ്യമ സിന്‍ഡിക്കേറ്റിന് വേണ്ടത് പിണറായിയുടേയും സിപിഎമ്മിന്റെയും തകര്‍ച്ച; ഷുഹൈബ് വധം സംഭവിക്കാന്‍ പാടില്ലാതിരുന്നതെന്നും കോടിയേരി 

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 
മാധ്യമ സിന്‍ഡിക്കേറ്റിന് വേണ്ടത് പിണറായിയുടേയും സിപിഎമ്മിന്റെയും തകര്‍ച്ച; ഷുഹൈബ് വധം സംഭവിക്കാന്‍ പാടില്ലാതിരുന്നതെന്നും കോടിയേരി 

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎമ്മിനേയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമ സിന്‍ഡിക്കേറ്റുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമകാലിക മലയാളം വാരികയില്‍ പി.എസ് റംഷാദുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റു വിരുദ്ധ മാധ്യമങ്ങളുടെ മുഖ്യ അജന്‍ഡ സി.പി.എമ്മിനെ തകര്‍ക്കുക എന്നതാണ്. പാര്‍ട്ടിയുടെ നേതൃതലത്തില്‍ നില്‍ക്കുന്നവരെ ആക്രമിക്കുക എന്ന അജന്‍ഡ. അതുകൊണ്ട് പിണറായി വിജയനെതിരായ ആക്രമണം പാര്‍ട്ടിക്കെതിരായ ആക്രമണമാണ്. പാര്‍ട്ടി നേതൃത്വത്തെ ശിഥിലമാക്കുക, അതാണ് ആക്രമണത്തിനു പിന്നിലുള്ളത്. ഒരുപാടു സംഭവങ്ങള്‍ ഇവിടെ കേരളത്തില്‍ നടത്തിയിട്ടുണ്ട്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും. അതില്‍ ജാഗ്രത പാലിക്കുക എന്നതു മാത്രമാണ് സി.പി.എമ്മിനു ചെയ്യാനുള്ളത്. അവര്‍ തുടരട്ടെ. കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റെന്നോ മാധ്യമ കോക്കസെന്നോ പറയുന്ന ശക്തികള്‍ സജീവമാണ്. അവര്‍ ഒരു കേന്ദ്രത്തിലിരുന്ന് വാര്‍ത്തയുണ്ടാക്കുന്നു. അത് വിശ്വസനീയമാണെന്നു വരുത്താന്‍ ശ്രമിക്കുന്നു. അത് അവരിനിയും തുടരും. അതിനെ നേരിട്ട് ഞങ്ങള്‍ മുന്നോട്ടു പോകും-അദ്ദേഹം പറഞ്ഞു. 

ഇതുകൊണ്ടൊന്നും ഞങ്ങള്‍ പതറാന്‍ പോകുന്നില്ല. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ സ്വാഭാവികമായിട്ടും ഉണ്ടാകും. കമ്യൂണിസ്റ്റായാല്‍ ഇതൊക്കെ ഉണ്ടാകുമെന്ന് മനസ്സിലാക്കിയിട്ടേ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ ചേരാന്‍ പറ്റുകയുള്ളു. ഇതൊക്കെ മനസ്സിലാക്കിയിട്ടാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. അതില്‍ ഞങ്ങള്‍ക്ക് യാതൊരു പതര്‍ച്ചയുമില്ല. വേവലാതിയുമില്ല. ജനങ്ങളെയാണ് ഞങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. മാധ്യമങ്ങളുടെ പരിലാളനകളേറ്റ് വളര്‍ന്നുവന്നവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. പത്രത്തിന്റെ താളുകളിലൂടെ നേതാക്കളായവരല്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വളര്‍ന്നുവന്നവരാണ്; ചോരയും നീരും നല്‍കി നേതൃത്വത്തിലേക്കു വന്നവരാണ്. അതുകൊണ്ട് ഏതെങ്കിലും മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരവേലയുടെ മുന്നില്‍ തളര്‍ന്നുപോകുന്ന പാര്‍ട്ടിയോ നേതൃത്വമോ അല്ല. അതുകൊണ്ടുതന്നെ പിണറായി വിജയനെ സംബന്ധിച്ച് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ക്രൂരമായ തരത്തിലുള്ള ആക്ഷേപങ്ങളും വിമര്‍ശനങ്ങളും രോഗപരിശോധനയ്ക്കു പോകുന്നതിനെക്കുറിച്ചുപോലും ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിക്കുന്ന രീതി ഇതിലൂടെയൊക്കെ പ്രതിഫലിക്കുന്നത് കേരളത്തിലെ മാധ്യമങ്ങളുടെ സംസ്‌കാരമാണ്. അത് അവര്‍ തുടരട്ടെ, അവരുടെ ജോലിയുടെ ഭാഗമാണത്. ഞങ്ങള്‍ ഞങ്ങളുടെ ശരിയായ നിലപാടുകളുമായി മുന്നോട്ടു പോകും-കോടിയേരി പറഞ്ഞു. 

കണ്ണൂരിലെ കൊലപാതകങ്ങള്‍  അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണെന്നും സി.പി.എം ആസൂത്രണം ചെയ്യുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായി ഉണ്ടായ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉണ്ടായ സംഭവമാണ് ശുഹൈബ് വധം. പക്ഷേ, അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്തെല്ലാം പ്രകോപനം ഉണ്ടായാലും കൊലപാതകം പാടില്ല. കൊലപാതകം നടക്കുന്നതോടുകൂടി അതിന്റെ തലം മാറിപ്പോകും. അതുകൊണ്ട് ഏത് ആളായാലും കൊലചെയ്യപ്പെടുമ്പോള്‍ സമൂഹത്തിന്റെ മനോഭാവം മാറും. അതു മനസ്സിലാക്കി സി.പി.എം പ്രവര്‍ത്തകര്‍ പെരുമാറണം. ആവശ്യമായ ജാഗ്രത വേണം.

അത് അവിടുത്തെ പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു ഘടകം ആസൂത്രണം ചെയ്ത ഒരു സംഭവമല്ല. പക്ഷേ, അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ സി.പി.എമ്മുമായി ബന്ധമുള്ളവരുണ്ട്. അങ്ങനെയുള്ള ആളുകളുടെ ബന്ധം പൊലീസ് ആരോപിക്കുന്നതുപോലെയാണെങ്കില്‍ സ്വാഭാവികമായും പാര്‍ട്ടിയില്‍ നില്‍ക്കാന്‍ അവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. പാര്‍ട്ടി മുന്‍കൈയെടുത്ത് ഇത്തരം സംഭവങ്ങള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം പാര്‍ട്ടിക്കുണ്ട്. അത് ലംഘിച്ച് നിലപാടെടുത്തവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ യാതൊരു യോഗ്യതയുമില്ല. അതുകൊണ്ടാണ് പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടിയെടുത്തത്. പൊതുസമൂഹത്തിന്റെ മുന്നില്‍ ഈ സംഭവം പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ആ തെറ്റിദ്ധാരണ മാറ്റാനുള്ള ഇടപെടലാണ് പാര്‍ട്ടി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി കേരള പൊലീസ് നല്ല നിലയില്‍ ആ കേസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടവരെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുക, അതാണ് സര്‍ക്കാരിന്റെ ചുമതല. അതിന്റെ ഭാഗമായി അന്വേഷണസംഘം ഫലപ്രദമായി അന്വേഷിക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ടയാളുകളെ കണ്ടെത്തുകയും ചെയ്തു. അവര്‍ ഡമ്മി പ്രതികളാണെന്ന് ആദ്യം കോണ്‍ഗ്രസ്സ് ആരോപിച്ചിരുന്നെങ്കിലും പരിക്കേറ്റ ആളുകള്‍ തന്നെ പറഞ്ഞു, ഡമ്മിയല്ല യഥാര്‍ത്ഥ ആളുകള്‍ തന്നെയാണെന്ന്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് അവിടെ സമരത്തിനു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞു. പിന്നീട് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഒരു രാഷ്ട്രീയ ആവശ്യമാണ്. ആ രാഷ്ട്രീയ ആവശ്യം ഇപ്പോള്‍ ഹൈക്കോടതി എന്തുകൊണ്ടോ അംഗീകരിച്ചുകൊടുത്തിരിക്കുന്നു. ഹൈക്കോടതി എന്തുകൊണ്ടാണ് അങ്ങനെയൊരു നിലപാടെടുത്തത് എന്നു വ്യക്തമല്ല. 

സി.പി.എമ്മിനെ ഒതുക്കണം എന്നാണ് കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും ലക്ഷ്യം. അതിനുവേണ്ടി സി.ബി.ഐയെ ഉപയോഗിക്കുന്നു, യു.എ.പി.എ ഉപയോഗിക്കുന്നു. നേരത്തെ ടാഡ, പോട്ട, മിസ ഇതൊക്കെ ഉപയോഗിച്ച് ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പുതിയ രൂപത്തിലുള്ള ഒരു ആക്രമണ രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ ഞങ്ങളെക്കുറിച്ച് തെറ്റായ രീതിയില്‍ ചിന്തിക്കുന്ന ആളുകളുടെ മനോഭാവം മാറ്റിയെടുക്കാന്‍ ഞങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കും. ഞങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല. അക്രമംകൊണ്ട് ഒരു പാര്‍ട്ടിയേയും ഇല്ലാതാക്കാന്‍ കഴിയില്ല. അക്രമംകൊണ്ട് ഒരു പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി ഈ കേരളത്തില്‍ എന്നോ ഇല്ലാതായിപ്പോകുമായിരുന്നു-കോടിയേരി പറഞ്ഞു. 

ഞങ്ങളാണ് ഏറ്റവുമധികം ആക്രമണത്തിനു വിധേയമായ പാര്‍ട്ടി. അതുകൊണ്ടുതന്നെ ഞങ്ങള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല. എവിടെയെങ്കിലും എന്തെങ്കിലും സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അതുണ്ടാകാന്‍ പാടില്ല. ഞങ്ങള്‍ സമാധാനത്തിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്നവരാണ്. പ്രത്യേകിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഞങ്ങളെയെല്ലാം വിളിച്ചു സംസാരിച്ചു. അവിടെ ഞങ്ങളൊരു വാക്ക് കൊടുത്തു, ഞങ്ങള്‍ മുന്‍കൈയെടുത്ത് ഒരു സംഭവവും നടത്തില്ല. അതില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ തുടരാന്‍ സാധിക്കില്ല. കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് സമാധാനം സ്ഥാപിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സി.പി.എം സന്നദ്ധമാണ്. അതിനുള്ള തുടര്‍പ്രവര്‍ത്തനമായിരിക്കും ഇനി പാര്‍ട്ടി സംഘടിപ്പിക്കാന്‍ പോകുന്നത്. സമാധാനത്തിനാണ് പാര്‍ട്ടി മുന്‍ഗണന കൊടുക്കുന്നത്. 

ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാത്ത ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാന്‍ പാടില്ല. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കണം. ജനങ്ങള്‍ അംഗീകരിക്കാത്ത ഒരു കാര്യം ചെയ്തതുകൊണ്ട് പാര്‍ട്ടിക്ക് വളര്‍ച്ചയുണ്ടാകില്ല. ചിലപ്പോള്‍ ചില സംഭവങ്ങള്‍ നമ്മള്‍ പണ്ടുകാലത്ത് ചെയ്തിട്ടുണ്ടാകാം. അന്നു ചെയ്തത് ആ കാലഘട്ടത്തില്‍ ചിലപ്പോള്‍ ശരിയായിരിക്കും; അന്ന് സമൂഹം അത് അംഗീകരിച്ചതുമായിരിക്കും. പക്ഷേ, സമൂഹം അംഗീകരിക്കാത്ത ഒരു സമീപനവും സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അത് പാര്‍ട്ടി അണികളെ ഞങ്ങള്‍ വിദ്യാഭ്യാസം ചെയ്യിക്കും. അങ്ങനെ തുടര്‍ച്ചയായ ഒരു പ്രചാരണ പരിപാടി ഇതിനുവേണ്ടി സംഘടിപ്പിക്കും. അതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം സമകാലിക മലയാളം വാരികയില്‍ വായിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com