ഋഷിരാജ് സിംഗ് കേന്ദ്രത്തിലേക്ക് ; കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നല്‍കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2018 10:28 AM |
Last Updated: 20th March 2018 10:28 AM | A+A A- |

തിരുവനന്തപുരം : എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കേന്ദ്രസര്‍ക്കാര്‍ പദവിയിലേക്ക്. ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരളത്തില്‍നിന്ന് ഡിജിപി ഋഷിരാജ് സിങ് മാത്രമാണ് ഇടംപിടിച്ചത്. കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും, ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നാണ് ഋഷിരാജ് സിംഗ് പട്ടികയില്‍ ഇടംപിടിച്ചത്.
പട്ടികയില്‍ ഇടം നേടിയതിന് പിന്നാലെ, ഋഷിരാജ് സിംഗ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നല്‍കി. ബെഹ്‌റയ്ക്ക് പകരം മികച്ച പ്രതിച്ഛായയുള്ള ഋഷിരാജ് സിംഗിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ അതൃപ്തനായിരുന്നു ഋഷിരാജ് സിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്റലിജന്‍സ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജന്‍സി, സിആര്‍പിഎഫ്, ബിഎസ്എഫ്, സിബിഐ തുടങ്ങിയവയില്‍ ഡയറക്ടര്‍ ജനറലിനെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഈ പട്ടികയില്‍നിന്നാണ്. പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഋഷിരാജ് സിംഗ്. പട്ടികയിലെ 10 പേര്‍ക്കും കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്.
ഡയറക്ടര്‍ ജനറലിന്റെ തത്തുല്യ തസ്തികകളില്‍ നിയമനത്തിന് അര്‍ഹതയുള്ളവരുടെ രണ്ടാം പട്ടികയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വസ്തനായ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെട്ടത്. രണ്ടാമത്തെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ബെഹ്‌റ. മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെ രണ്ട് പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല.
കേന്ദ്രത്തില്‍ സ്‌പെഷല്‍ സെക്രട്ടറി, ഡയറക്ടര്‍ ജനറലിന്റെ പദവിയിലേക്ക് ഉയര്‍ത്തിയവ എന്നിവയിലാകും രണ്ടാം പട്ടികയിലുള്ളവര്‍ക്ക് നിയമനം ലഭിക്കുക. മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണ് പട്ടിക തയാറാക്കുന്നത്. സര്‍വീസില്‍ ഉടനീളമുള്ള വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും പരിശോധിക്കും.