ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്; ചെങ്ങന്നൂരില്‍ പ്രചാരണത്തിനിറങ്ങും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2018 12:33 PM |
Last Updated: 20th March 2018 06:18 PM | A+A A- |

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവ് ശോഭന ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭന ജോര്‍ജ്ജ് പ്രചാരണത്തിനിറങ്ങും. ഇന്ന് നടക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ശോഭന ജോര്‍ജ്ജ് പങ്കെടുക്കുമെന്നാണ് സൂചന.
സജി ചെറിയാനും കോടിയേരി ബാലകൃഷ്ണനും നേരത്തെ ശോഭന ജോര്‍ജ്ജുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതുപക്ഷത്തോട് ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇവര്‍ ശോഭനയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് റിബലായി മല്‍സരിച്ച ശോഭന ജോര്‍ജ്ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന്റെ തോല്‍വിക്ക് പ്രധാന പങ്കുവഹിച്ചിരുന്നു.
കെ കരുണാകരനൊപ്പം ഡിഐസിയിലേക്ക് പോയ ശോഭന ജോര്‍ജ്ജ്, പിന്നീട് അദ്ദേഹത്തോടൊപ്പം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയെങ്കിലും അവഗണയായിരുന്നു നേരിട്ടത്. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തവണ ശോഭന ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് റിബലായി മല്‍സരിച്ചിരുന്നു. മൂന്നു തവണ ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്നിട്ടുണ്ട് ശോഭന ജോര്‍ജ്ജ്.
തേരകം ഗ്രൗണ്ടില്‍ വൈകീട്ട് നാലിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എംപി വീരേന്ദ്രകുമാര്‍, മാത്യു ടി തോമസ്, സികെ നാണു എംഎല്‍എ, ടി പി പീതാംബരന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആര്‍ ബാലകൃഷ്ണപിള്ള, ഫ്രാന്‍സിസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും.