ഞങ്ങളെന്താ രണ്ടാംകിടക്കാരോ?; ആര്‍എല്‍വി കോളജില്‍ പ്രിന്‍സിപ്പലിനും സംഗീത വിഭാഗത്തിനും എതിരെ ഫൈന്‍ ആര്‍ട്‌സ് സമരം 

തൃപ്പുണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ലളിതകലാ വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സമരം.
ഞങ്ങളെന്താ രണ്ടാംകിടക്കാരോ?; ആര്‍എല്‍വി കോളജില്‍ പ്രിന്‍സിപ്പലിനും സംഗീത വിഭാഗത്തിനും എതിരെ ഫൈന്‍ ആര്‍ട്‌സ് സമരം 

കൊച്ചി: തൃപ്പുണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ലളിതകലാ വിഭാഗത്തെ പൂര്‍ണമായും അവഗണിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സമരം. ഫൈന്‍ ആര്‍ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്ലാസ് മുറികളും വകുപ്പ് മേധാവികളുടേതുള്‍പ്പെടെയുള്ള റൂമുകളും സംഗീത വിഭാഗത്തിന് വേണ്ടി പിടിച്ചെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം നടക്കുന്നത്. കഥകളി സംഗീതം വിഭാഗത്തിന് വേണ്ടി അപ്ലൈഡ് ആര്‍ട്‌സ് വകുപ്പ് മേധാവിയുടെ മുറി ഒഴിഞ്ഞുകൊടുക്കണം എന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ വി.കെ രമേശന്‍ കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നാളുകളായി തുടര്‍ന്നുവരുന്ന കടുത്ത അവഗണനകള്‍ക്കെതിരെ ഫൈന്‍ ആര്‍ട്‌സ് വിഭാഗം സമരത്തിനിറക്കിയിരിക്കുന്നത്. 

ഒരു വിദ്യാര്‍ത്ഥി മാത്രം പഠിക്കുന്ന കഥകളി സംഗീതം വിഭാഗത്തിന് വേണ്ടി ഒരു വകുപ്പ് മേധാവിയുടെ മുറി ഒഴിഞ്ഞു കൊടുക്കണം എന്ന് പറയുന്നത് എന്ത് ധാര്‍മികതയാണെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ചോദിക്കുന്നത്. സമരത്തെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഉത്തരവ് തത്ക്കാലം മരവിപ്പിച്ചുവെങ്കിലും ഫൈന്‍ ആര്‍ട്‌സ് വിഭാഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലായെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും പറയുന്നത്. റിട്ടയര്‍ ആകാന്‍ 8 ദിവസം മാത്രം (അധ്യയന വര്‍ഷം തീരുന്നതിനും) ബാക്കിനില്‍ക്കെയാണ് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരിക്കുന്നത്. കത്ത് നല്‍കിയ ശേഷം ഇദ്ദേഹം രണ്ടു ദിവസം അവധിയില്‍ പ്രവേശിച്ചുവെന്നും കലാധ്യാപകര്‍ പറയുന്നു.

ക്യാമ്പസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിഭാഗമാണ് ഫൈന്‍ ആര്‍ട്‌സ്. മൂന്ന് കോഴ്‌സുകളാണ് വിഭാഗത്തിലുള്ളത്. ഇവയ്ക്ക് യാതൊരുവിധ പരിഗണനയും നല്‍കാതെ രണ്ടാംതരക്കാരായാണ് പ്രിന്‍സിപ്പല്‍ കാണുന്നതെന്ന് ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ ഒരു അധ്യാപകന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

അപ്ലൈഡ് ആര്‍ട്‌സിലേയും പെയിന്റിങ് വിഭാഗത്തിലിലേയും വകുപ്പ് മേധാവികളുടെ മുറിയും അധ്യാപകരുടെ മുറിയും ഒഴിഞ്ഞുകൊടുക്കണം എന്നാണ് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നത്. അപ്ലൈഡ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥികളുടെ ചാര്‍ട്ടുകളും മറ്റും സൂക്ഷിക്കുന്ന മുറിയിലാണ് ഇപ്പോള്‍ അധ്യാപകരിരിക്കുന്നത്. ആ മുറിയിലേക്ക് വകുപ്പ് മേധാവിയും മാറണം എന്നാണ പ്രിന്‍സിപ്പല്‍ പറയുന്നത്. ഇതേ അവസ്ഥയിലാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറികളും സംഗീത വിഭാഗം പിടിച്ചെടുക്കുമെന്ന് ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിലെ അധ്യാപകര്‍ പറയുന്നു. 

കോളജില്‍ ലളിതകലാ വിഭാഗത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരുവിധ അനുഭാവ നയവും സംഗീത വിഭാഗത്തില്‍ പെടുന്ന പ്രിന്‍സിപ്പല്‍ സ്വീകരിക്കറില്ല. ഒരുപാട് പണം മുടക്കി പണിത കോളജ് പൊട്ടിപ്പൊളിഞ്ഞ് ജീര്‍ണാവസ്ഥയിലാണ്. അതു നന്നാക്കാന്‍ പ്രിന്‍സിപ്പല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കാലങ്ങളായി സര്‍ക്കാര്‍ നിയമനം നടക്കാതിരിക്കുന്ന കലാലയത്തില്‍ ഈ വര്‍ഷം ഇതര വിഭാഗങ്ങളില്‍ 11 ഓളം അധ്യാപക നിയമനങ്ങള്‍ നടന്നപ്പോള്‍ ലളിത കലാവിഭാഗത്തില്‍ നാമമാത്രമായി രണ്ട് നിയമനങ്ങളാണ് നടത്തിയിരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായി നാലു വര്‍ഷവും രണ്ടു വര്‍ഷവും വീതമുള്ള ആറ് കോഴ്‌സുകള്‍ നടക്കുന്ന ഇവിടെ സ്ഥിരം അധ്യാപകരായി മൂന്നു പേരാണുള്ളത്. 

ആര്‍എല്‍വി കോളജില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നടത്തിവരുന്ന സമരം

നിയമനം നടന്നതകട്ടെ ജൂനിയര്‍ ലക്ചറര്‍  എന്ന തസ്തികയിലേക്കാണ് താനും. എന്നാല്‍ മൂന്നു വര്‍ഷം മാത്രമുള്ള സംഗീത വിഭാഗത്തിലാകട്ടെ ഗസറ്റഡ് പദവിയില്‍ ലക്ച്ചറര്‍ പോസ്റ്റിലാണ് നിയമനം നടക്കുന്നത്. കേരളത്തില്‍ എവിടെയും ജൂനിയര്‍ ലക്ചറര്‍ എന്ന ഒരു പോസ്റ്റ് ഇല്ല എന്നിരിക്കെ ആര്‍എല്‍വിയില്‍ കലാ വിഭാഗത്തില്‍ മാത്രം ഇങ്ങനെ ഒന്നു നില നിര്‍ത്തി മാറ്റങ്ങള്‍ വരുത്താത്തത് വ്യക്തമായ ദുരുദ്ദേശ്യത്തോടെയാണ്. പ്രൊമോഷന്‍ പോസ്റ്റുകളില്‍ കലാ അധ്യാപകര്‍ക്ക് ലക്ചറര്‍ വരെ ആകാന്‍ സാധിക്കും എന്നിരിക്കെ സംഗീതത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്തികകളും   ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ലളിത കലാധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ഇരുപതു വര്‍ഷം സര്‍വീസുള്ള ഒരു കലാധ്യാപകന്‍ ലക്ചറര്‍ ആയി മാത്രം പ്രൊമോഷന് കാത്തിരിക്കെ പതിമൂന്ന് വര്‍ഷക്കാലം സര്‍വീസുള്ള ആള്‍ സംഗീതത്തില്‍ ആയതു കൊണ്ട് മാത്രം പ്രൊഫെസര്‍ ആയി പ്രിന്‍സിപ്പാള്‍ പദവിയിലിരുന്നു ഏകാധിപത്യ ഭരണം കയ്യാളുകയാണ് എന്നും കലാധ്യാപകര്‍ ആരോപിക്കുന്നു. 

പുതിയ കെട്ടിടത്തിലാണ് ഫൈന്‍ ആര്‍ട്‌സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് എങ്കിലും ഗ്രാഫിക്‌സ് വിഭാഗം ഉള്‍പ്പെടെ മതിയായ സൗകര്യത്തിലല്ല പ്രവര്‍ത്തിക്കുന്നത്. ഉള്ള ക്ലാസ് മുറികള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞ ജീര്‍ണാവസ്ഥയിലുമാണ്. അതിനു പരിഹാരം കാണുന്നില്ല.
അപ്ലൈഡ് ആര്‍ട്‌സ് വിഭാഗത്തിന്റെ കൈവശം ഉണ്ടായിരുന്ന കംപ്യൂട്ടര്‍ ലാബ് , ലൈബ്രറി എന്നിവ തന്ത്രപരമായി അധികാര ദുര്‍വിനിയോഗം നടത്തി സംഗീത വിഭാഗം കവര്‍ന്നെടുത്തിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. 

ആര്‍എല്‍വി മ്യൂസിക് കോളജ് എന്ന തരത്തിലേക്ക് കോളജിനെ മാറ്റണം എന്നാണ് പ്രിന്‍സിപ്പലിന്റെയും സംഗീത വിഭാഗത്തിന്റെയും ആഗ്രഹമെന്ന് ലളിത കലാധ്യാപകര്‍ പറയുന്നു. ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തിന് ലഭിക്കുന്ന ഫണ്ടുകള്‍ മറിച്ച് സംഗീത വിഭാഗത്തിലേക്ക് മാറ്റുക, ഫണ്ടുകള്‍ അനുവദിക്കാതിരിക്കുക, പരിപാടികള്‍ നടത്താന്‍ അനുവദിക്കാതിരിക്കുക തുടങ്ങി ഫൈന്‍ ആര്‍ട്‌സ് വിഭാഗത്തെ എങ്ങനെയൊക്കെ തഴയാന്‍ കഴിയുമോ അതെല്ലാം ചെയ്യുകയാണെന്ന് ഇവര്‍ പറയുന്നു. 

വിദ്യാര്‍ത്ഥികളെ ജാതീയമായി വേര്‍തിരിക്കുന്നുവെന്നും അധ്യാപകര്‍ ആരോപിക്കുന്നു. കുട്ടികളുടെ ജാതി വെളിപ്പെടുത്താന്‍ വേണ്ടി കത്ത് നല്‍കുക, മേല്‍ജാതിക്കാര്‍ക്ക് പ്രത്യേകം പരിഗണന നല്‍കുക, മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും താത്പര്യപ്പെടാതിരിക്കുക തുടങ്ങിയ നിലപാടാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചുവരുന്നതെന്നും അധ്യാപകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com