മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മുഖ്യമന്ത്രിയുടെ ടോക്ക് ഷോയുടെ മുന്‍ പ്രൊഡ്യൂസറെ പുറത്താക്കി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 21st March 2018 08:57 PM |
Last Updated: 21st March 2018 10:13 PM | A+A A- |

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെത്തുര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക്ക്‌ഷോയായ നാം മുന്നോട്ടിന്റെ മുന്‍ പ്രൊഡ്യൂസറെ പുറത്താക്കി.
കണ്ണൂര്‍ സ്വദേശി സപ്‌നേഷിനെയാണ് സിഡിറ്റ് പുറത്താക്കിയത്. പെണ്‍കുട്ടി നല്‍കിയ വരാതിയെത്തുടര്‍ന്നാണ് നടപടി.
മറ്റൊരാള്‍ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാന്‍ സപ്‌നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്. 2017 സെപ്തംബറിലും 2018 ജനുവരിയിലുമാണ് തനിക്കെതിരായ പീഡന ശ്രമങ്ങള്‍ നടന്നതെന്നായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.
ഈ ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിഡിറ്റില്‍ നിന്നും മാധ്യമപ്രവര്‍ത്തകയെ പിആര്‍ഡിയിലേക്ക് മാറ്റിയിരുന്നു. ജനുവരിയാണ് പരാതി നല്‍കിയത്, എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന് നടപടി വൈകിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഒരു വനിത റിപ്പോര്‍ട്ടറും സപ്‌നേഷും ചേര്‍ന്ന് തന്നെ ഇയാളുടെ വാടകവീട്ടിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് മദ്യപിച്ച ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി. ഇരുവരും ചേര്‍ന്ന് തന്നെയും മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. ഇത് നിരസിച്ചതോടെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറി ഓടിയതിനാല്‍ ഇവരുടെ ശ്രമം വിജയിച്ചില്ല. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ജോലി കളയുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. ഭയം കാരണം പുറത്തുപറഞ്ഞില്ലെന്നും എന്നാല്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് പരാതി നല്‍കിയതെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.