വിവാഹച്ചടങ്ങിനിടെ അതിരുവിട്ട കോപ്രായം: അഞ്ച്‌പേര്‍ അറസ്റ്റില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 21st March 2018 02:32 PM |
Last Updated: 21st March 2018 02:46 PM | A+A A- |

പാനൂര്‍: വടക്കന്‍ മലബാറില്‍ വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും സുഹൃത്തുക്കള്‍ തമാശയ്‌ക്കെന്ന് പറഞ്ഞ് ഓരോ കോപ്രായത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത് പതിവാണ്. ചിലപ്പോഴെല്ലാം അത് അതിരുവിടാറുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ വിവാഹച്ചടങ്ങിനിടയിലെ ന്യൂജെന്‍ തമാശ അവസാനിച്ചത് പൊലീസ് കേസിലാണ്.
നബീഹ് എന്ന യുവാവിന്റെ വിവാഹത്തിനിടെയാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹദിവസം രാവിലെ മുതല്‍ വരനെ കാണാതായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നാല് മണിക്കൂറായിട്ടും പ്രതിശ്രുത വരന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ആശങ്കയിലായ വീട്ടുകാര്‍ കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ ഇയാളെ സുഹൃത്തുക്കള്‍ തമാശക്ക് തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് മനസിലായി. തുടര്‍ന്ന് എസ്‌ഐ ടിവി ധനഞ്ജയദാസിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം യുവാവിനെ തടവില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. നബീഹിനെ തടവില്‍ വെച്ച വയലേലില്‍ നബീല്‍(27), കതിരുമാക്കല്‍ സാദിഖ്(32), മലയങ്കണ്ടിയില്‍ ഇസ്മയില്‍(32), കളത്തില്‍ അസീബ്(31), മലയങ്കണ്ടി ഫൗമീര്‍(32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കല്യാണമണ്ഡപത്തില്‍ പടക്കം പൊട്ടിക്കുക, വിവാഹവസ്ത്രത്തില്‍ ചായം തേക്കുക, വധൂവരന്‍മാരെ അവഹേളിക്കുക തുടങ്ങിയ കോപ്രായങ്ങളെല്ലാം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എസ് ഐ മുന്നറിയിപ്പ് നല്‍കി.