തല്ലിയ പേരക്കുട്ടിയോട് മുത്തശ്ശി ക്ഷമിച്ചു: ഇപ്പോഴവരുടെ ആവശ്യം ദീപക്കൊരു ജോലി

രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് ദീപക്കൊപ്പം താമസിക്കുന്നത്.
തല്ലിയ പേരക്കുട്ടിയോട് മുത്തശ്ശി ക്ഷമിച്ചു: ഇപ്പോഴവരുടെ ആവശ്യം ദീപക്കൊരു ജോലി

യിക്കരയില്‍ 90 വയസായ മുത്തശ്ശിയെ മര്‍ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുത്തശ്ശിയെ തല്ലുന്ന ക്രൂരയായ ചെറുമകളെയെ മറ്റുള്ളവര്‍ക്ക് അറിയൂ. എന്നാല്‍ അവശരായ അമ്മയ്ക്കും മുത്തശ്ശിക്കും തന്റെ രണ്ട് മക്കള്‍ക്കും ഏക ആശ്രയമാണ് ദീപ. ചര്‍ച്ചകളില്‍ ദീപ, മുത്തശ്ശിയെ തല്ലിയ വില്ലത്തി.  പക്ഷേ, ഈ അമ്മക്കും മക്കള്‍ക്കും അരികിലെത്തുമ്പോഴുള്ള കാഴ്ച മറ്റൊന്നാണ്. ഏതൊരു അമ്മയും മക്കളുമെന്നപോലെ അവര്‍ക്കിടയില്‍ സ്‌നേഹമുണ്ട്.

മുത്തശ്ശിയെ തല്ലിയ ദിവസം അയല്‍വീട്ടിലെ ഒരാളുമായി ദീപ തര്‍ക്കമുണ്ടായി. ഇത് കയ്യാങ്കളിയിലുമെത്തി. ഇതിനുപിന്നാലെയാണ് മുത്തശ്ശിയോട് വഴക്കിട്ടതും അടിച്ചതും. പക്ഷേ പ്രശ്‌നം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് പൊലീസും ലീഗല്‍ സര്‍വീസ് അതോറിറ്റിയും പ്രശ്‌നത്തില്‍ ഇടപെട്ടു. അമ്മയെയും മുത്തശ്ശിയെയും അത്താണിയിലെ അഗതി മന്ദിരത്തിലേക്ക് മാറ്റി. എന്നാല്‍ കാര്യം അന്വേഷിച്ചെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത് ഉള്ളുപൊള്ളുന്ന സങ്കടക്കഥയാണ്.

രണ്ട് ചെറിയ മക്കളും പ്രായമായ അമ്മ ജാനകിയും മുത്തശ്ശി കല്യാണിയുമാണ് ദീപക്കൊപ്പം താമസിക്കുന്നത്. പ്രായത്തിന്റെ രോഗപീഡകളാല്‍ വലയുന്ന ഇവര്‍ക്ക് ആകെയുള്ള ആശ്രയമാണ് 39കാരി ദീപ. ഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് വീടുവിട്ട് പോയതാണ്. ദീപ തനിച്ചാണ് ഈ കുടുംബം പുലര്‍ത്തുന്നത്. 

അമ്മക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവ പെന്‍ഷന്‍ മാത്രമാണ് വരുമാനം. ടൗണിലെ തയ്യല്‍ക്കടയിലെ സഹായിജോലിയില്‍ നിന്നുള്ള വരുമാനമായിരുന്നു ഇത്രയും കാലത്തെ ആശ്രയം. അഞ്ചാം ക്ലാസുകാരി മകള്‍ക്കെതിരെ അതിക്രമത്തിന് ശ്രമമുണ്ടായതോടെ അടച്ചുറപ്പില്ലാത്ത  വീട്ടില്‍ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയില്ലെന്നായി. ഇതോടെ വീട്ടില്‍ അടുപ്പ് പുകയാതായി. 

പട്ടിണി കണ്ടറിഞ്ഞ് ആരെങ്കിലും നല്‍കുന്ന സഹായംകൊണ്ടാണ് വല്ലപ്പോഴും വിശപ്പകറ്റിയത്.  ഇത്തരമൊരു ദുരിതാവസ്ഥയില്‍ സംഭവിച്ചുപോയ പ്രകോപനമാണ് അയല്‍ക്കാര്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അതുകണ്ട്, തന്നെ പഴിക്കുന്നതില്‍ ദീപക്ക് ആറെ സങ്കടമുണ്ട്. അതേസമയം, ദീപയുടെ കൈയബദ്ധം അമ്മമനസ് പൊറുത്തു കഴിഞ്ഞു. മുത്തശ്ശിയെ തല്ലിയ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് മകളെക്കുറിച്ച് അമ്മ നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു. സാമൂഹിമാധ്യമങ്ങളില്‍ ചര്‍ച്ചയും കേസുമൊക്കെ ആയതോടെ പൊലീസാണ് മൂവരെയും പുനരധിവാസകേന്ദ്രമായ ആയിക്കരയിലെ അത്താണിയിലെത്തിച്ചത്. അത്താണിയില്‍ ഇവരെ കാണാനെത്തുന്നവരോട് കല്യാണിയും ജാനകിയും ചോദിക്കുന്നത് ഇതാണ്: ''അച്ഛനില്ലാത്ത രണ്ട് മക്കളെ പോറ്റേണ്ടതല്ലേ... ദീപക്ക് ആരെങ്കിലും ഒരു ജോലി നല്‍കാമോ..?''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com