'പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങേണ്ട'; പരാതി പറഞ്ഞ നിഫ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്ന് പൊലീസ്

മറ്റ് ക്യാംപസുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി പുറത്തിറങ്ങാത്തതുകൊണ്ട് ശരിയായി വസ്ത്രം ധരിക്കുന്നതുകൊണ്ടും അവര്‍ക്കു നേരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പൊലീസ് പറയുന്നു
'പെണ്‍കുട്ടികള്‍ രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങേണ്ട'; പരാതി പറഞ്ഞ നിഫ്റ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്ന് പൊലീസ്

കണ്ണൂര്‍; കാമ്പസിന് പുറത്തിറങ്ങിയാല്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്ന് പരാതി പറഞ്ഞ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ (നിഫ്റ്റ്‌) വിദ്യാര്‍ത്ഥിനികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്ന് പൊലീസ്. രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നാണ് പെണ്‍കുട്ടികളോട് തളിപ്പറമ്പ് പൊലീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി. 

നിലവിലെ സെമസ്റ്ററില്‍ മാത്രം 50 ല്‍ അധികം അതിക്രമങ്ങളാണ് നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുണ്ടായത്. എന്നാല്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണവും രാത്രി സഞ്ചാരവുമാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് പൊലീസിന്റെ ഭാഷ്യം. 

മറ്റ് ക്യാംപസുകളിലെ വിദ്യാര്‍ത്ഥിനികള്‍ രാത്രി പുറത്തിറങ്ങാത്തതുകൊണ്ട് ശരിയായി വസ്ത്രം ധരിക്കുന്നതുകൊണ്ടും അവര്‍ക്കു നേരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് രാത്രികാല പരിശോധന ശക്തമാക്കി. മേഖലയില്‍ സിസിടിവി കാമറ സ്ഥാപിക്കാനുള്ള നടപടികളും അരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു. 

'ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയാന്‍ പറ്റുന്നത് എല്ലാം ചെയ്യും. പക്ഷേ ഞങ്ങള്‍ക്കൊരു അഭ്യര്‍ത്ഥനയുണ്ട്. പെണ്‍കുട്ടികള്‍ കുറച്ച് അച്ചടക്കം പാലിക്കണം. രാത്രിയില്‍ ഒറ്റയ്ക്ക് പുറത്തുപോകരുത്.' തളിപ്പറമ്പ് ഡിഎസ്പി കെ.വി. വേണുഗോപാല്‍ പറഞ്ഞു. 

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് രണ്ട് പരാതികളാണ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയത്. ഇതില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് കുറവില്ലെന്നാണ് നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പഠിക്കുന്നുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം കാമ്പസിന് പുറത്ത് തങ്ങള്‍ സുരക്ഷിതരല്ലെന്നാണ് ഇവര്‍ പറയുന്നത്. ലൈംഗികചുവയോടെ സംസാരിക്കുകയും പുറകെ നടക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com