കീഴാറ്റൂരിലെ അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ്, സമരത്തിന്റെ മറവില്‍ കലാപമുണ്ടാക്കാന്‍ ശ്രമമെന്ന് സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd March 2018 10:13 AM |
Last Updated: 22nd March 2018 10:14 AM | A+A A- |

കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപാസിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സുരേഷിന്റെ വീട് ആക്രമിച്ചത് ആര്‍എസ്എസുകാരാണെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍. സമരത്തിന്റെ മറവില്‍ കലാപത്തിന് ആസൂത്രണം നടത്തുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.
സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമമുണ്ടായതിനു പിന്നാലെയാണ് എംവി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. സമരത്തിന് ഒപ്പമുള്ളവര്‍ തന്നെ കലാപത്തിനു ശ്രമിക്കുകയാണെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
്അതിനിടെ, കീഴാറ്റൂരിലെ സമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ ചെറുക്കും. കീഴാറ്റൂരില്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായവരെപ്പോലും പിന്തിരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ബൈപാസിന് അലൈന്‍മെന്റ് തീരുമാനിച്ചത് ഹൈവേ അതോറിറ്റിയാണ്. ഇതിന് ഭൂമി ഏറ്റെടുത്തു നല്‍കുക എന്ന ഉത്തരവാദിത്വം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് കോടിയേരി പറഞ്ഞു.
ബുധനാഴ്ച രാത്രിയോടെയാണ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു.കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.