ഖസാക്കിന്റെ ഇതിഹാസം ഇളയമ്മയെ പ്രാപിക്കുന്ന വൃത്തികെട്ട കഥ; എംടിയുടെയും തകഴിയുടെയും കഥകള്‍ തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്; അധിക്ഷേപവുമായി മതപ്രഭാഷകന്‍

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന  അകമനസ്സിന്റെ വൃത്തികെട്ട കഥയാണ്, എം.ടിയുടെ അസുരവിത്തും കാലവും തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്
ഖസാക്കിന്റെ ഇതിഹാസം ഇളയമ്മയെ പ്രാപിക്കുന്ന വൃത്തികെട്ട കഥ; എംടിയുടെയും തകഴിയുടെയും കഥകള്‍ തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്; അധിക്ഷേപവുമായി മതപ്രഭാഷകന്‍

ലയാളത്തിലെ മഹാ സാഹിത്യകാരന്‍മാരായ ഒ.വി വിജയനേയും തകഴിയേയും എം.ടി വാസുദേവന്‍ നായരേയും അധിക്ഷേപിച്ച് മതപ്രഭാഷകന്‍ റഹ്മത്തുല്ല ഖാസിമി. ഫാറൂഖ് കോളജ് അധ്യാപകന്‍ ജഹവര്‍ മുനവറിന്റെ സ്ത്രീ അധിക്ഷേപ പ്രസംഗത്തിന് പിന്നാലെയാണ് കഴിഞ്ഞ റംസാന് ഇയ്യാള്‍ നടത്തിയ മതപ്രഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. 

ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന  അകമനസ്സിന്റെ വൃത്തികെട്ട കഥയാണ്, എം.ടിയുടെ അസുരവിത്തും കാലവും തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്,തകഴിയുടെ ചെമ്മീന്‍,കയര്‍ എന്നിവ തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ് എന്നാണ് മതപ്രഭാഷകന്‍ വിളിച്ചുപറയുന്നത്. മലയാള സാഹിത്യ ചരിത്രത്തിലെ മഹത്തായ കൃതികളെയാണ് അവയുടെ അന്തസത്ത മുഴുവന്‍ ചോര്‍ത്തിക്കളയുന്ന തരത്തില്‍ വൃത്തികെട്ട ഭാഷയില്‍ റഹ്മത്തുല്ല ഖാസിമി സദസ്സിനുള്ളില്‍ വിവരിക്കുന്നത്. 

ഖാസിമിയുടെ പ്രസംഗത്തിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രംഗംത്തിന്റെ പ്രസക്തഭാഗങ്ങള്‍: 

മലയാളത്തിലെ സാഹിത്യങ്ങളെ നിരൂപിക്കാമെങ്കില്‍,അതിനൊരു വര വരക്കാമെങ്കില്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ മുമ്പും പിമ്പും എന്നാണ് പറയേണ്ടത്. ലോകചരിത്രത്തിന്റെ ഗതിമാറ്റിയത് കുരിശ് സംഭവമാണെങ്കില്‍ അതുപോലെ മലയാളത്തിന്റെ ഗതി മാറ്റിയത് ഈ ഖസാക്കിന്റെ ഇതിഹാസമാണ് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്താ ഖസാക്കിന്റെ ഇതിഹാസത്തിന്റെ കഥ? അച്ഛന്റെ ഭാര്യ,അഥവാ ഇളയമ്മയെ അച്ഛനറിയാതെ പ്രാപിക്കുന്ന മനസ്സിന്റെ വൃത്തികെട്ട കഥയാണത്. ഞാന്‍ വിശദീകരിക്കുന്നില്ല, വിശുദ്ധ റമളാനാണ്, മഹാന്‍മാരൊക്കെ ഇരിക്കുന്ന സദസ്സാണ്, അതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. എന്താ എം.ടിയുടെ അസുരവിത്ത്, എന്താ കാലം? തെമ്മാടിത്തരങ്ങളുടെ കൂത്തരങ്ങ്. എന്താ തകഴിയുടെ ചെമ്മീന്‍,കയറ്? കറുത്തമ്മയുടേയും പര്യക്കൂട്ടിയുടേയും പാട്ട് പാടിയിട്ട് മലയാളികളുടെ നാവ് തേഞ്ഞിട്ടുണ്ട്. തെമ്മാടിത്തരത്തിന്റെ വസ്ത്രാക്ഷേപമാണ്. ഇതിലൊക്കെ എന്ത് ആവിഷ്‌കാരമാണ്?  ഇങ്ങനെ ഇങ്ങനെ പോകുന്നു ഖാസിമിയുടെ അവഹേളനം. 

വിഷയങ്ങളെക്കുറിച്ച് കൃത്യമായി അറിവില്ലാതെ സാമൂഹ്യവിരുദ്ധതയും സ്ത്രീവിരുദ്ധതയും പടച്ചുവിടുന്ന ആയിരക്കണിക്കിന് മതപ്രഭാഷകരില്‍ ഒരാള്‍ മാത്രമാണ് ഖാസിമിയെന്നും ഇതൊന്നും പുറത്തുവരുന്നതില്‍ അത്ഭുതമില്ലെന്നുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്. മഹത്വ്യക്തികളേയും കൃതികളേയും മറ്റ് മതവിഭാഗക്കാരേയും അപമാനിച്ചുകൊണ്ട് പ്രസംഗങ്ങള്‍ നടത്തി എന്ത് പ്രബോധനമാണ് ഇവര്‍ നടത്തുന്നതെന്ന കാതലായ ചോദ്യവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com