തിരുവനന്തപുരത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ പൊലീസ് സമ്മര്‍ദ്ദം; ഭൂവുടമയുടെ പരാതിയില്‍ കര്‍ഷകനെ മര്‍ദ്ദിച്ചുവെന്ന് ആരോപണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2018 08:06 AM |
Last Updated: 24th March 2018 08:06 AM | A+A A- |

തിരുവനന്തപുരം: മലയന്‍കീഴ് കരിപ്പൂര്‍ സ്വദേശി അപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഭീഷണിയും സമ്മര്‍ദ്ദവുമെന്ന് ആരോപണം. പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന ഭൂമിയില്‍ നിന്നും ഒഴിയുന്നില്ലെന്ന് കാണിച്ച് ഭൂവുടമ നല്‍കിയ പരാതിയില്‍ കര്‍ഷകനായ അപ്പുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
അഞ്ച് വര്‍ഷമായി പാട്ടത്തിനെടുത്ത ഭൂമിയിലായിരുന്നു അപ്പു കൃഷി ചെയ്തിരുന്നത്. ഈ വര്‍ഷം കൃഷി ഭൂമി തിരികെ വേണമെന്ന ഭൂവുടമ ആവശ്യപ്പെട്ടു. എന്നാല്‍ വിളവെടുപ്പ് ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഒരു വര്‍ഷം കൂടി സമയം നീട്ടിത്തരണം എന്നായിരുന്നു അപ്പുവിന്റെ ആവശ്യം. തുടര്‍ന്ന ഭൂവുടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസിനെതിരെ അപ്പുവിന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നുമാണ് സൂചന. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച പരാതിയില്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് വേണ്ടി വിളിച്ചു വരുത്തിയെന്നല്ലാതെ മര്‍ദ്ദിച്ചുവെന്ന ആരോപണം കളവാണെന്ന് മലയന്‍കീഴ് പൊലീസ് പറയുന്നു.