ഐഎസ് കേസ് : പ്രതി യാസ്മിന്‍ മുഹമ്മദ് കുറ്റക്കാരി ; ഏഴുവര്‍ഷം കഠിന തടവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th March 2018 11:23 AM  |  

Last Updated: 24th March 2018 11:23 AM  |   A+A-   |  

 

കൊച്ചി : സംസ്ഥാനത്തെ ആദ്യ ഐഎസ് കേസില്‍ പ്രതി ബീഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് ശഹീദ് കുറ്റക്കാരിയാണെന്ന് കോടതി. പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ് കോടതി ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. കാസര്‍കോട് നിന്ന് 15 പേരെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. 

2016ല്‍ കാസര്‍കോട് നിന്നും  അഫ്ഗാനിസ്ഥാനിലേക്ക് പോയ 15 പേരെ തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ചു എന്നാണ് ദേശീയ അന്വേഷണ ഏജന്‍സി ആരോപിച്ചത്. യാസ്മിനും കേസിലെ ഒന്നാം പ്രതി അബ്ദുള്‍ റാഷിദിനുമെതിരെയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. 

റാഷിദ് ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് എന്‍എഐ നിഗമനം. കേസില്‍ 50 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. 50 ഓളം തെളിവുകളും ഹാജരാക്കി. 2016 ല്‍ കാസര്‍കോട് നിന്നും 15 പേരെ കാണാനിലെന്ന് കാണിച്ച് കാസര്‍കോട് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

ഐഎസില്‍ ചേരാന്‍ പോയ യാസ്മിനെയും മകനെയും ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് 2016 ജൂലൈ 30ന് കേരള പൊലീസ് പിടികൂടുകയായിരുന്നു. മറ്റുള്ളവരെ പിടികൂടുന്നതിനായി ഇന്റര്‍പോളിന്റെ സഹായവും തേടി. കാസര്‍കോട് നിന്നും പോയവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാനില്‍ ഐഎസ് പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഇതുവരെ ആറ് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.