ശകുന്തള വധക്കേസ്: മകള്‍ അശ്വതിയെ അറസ്റ്റ് ചെയ്‌തേക്കും

ശകുന്തളയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സജിത്ത്, അശ്വതിയെയും മക്കളെയും ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു.
ശകുന്തള വധക്കേസ്: മകള്‍ അശ്വതിയെ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: ഉദയംപേരൂര്‍ സ്വദേശിനി ശകുന്തളയുടെ ജഡം കുമ്പളത്ത് വീപ്പയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി പൊലീസ്. കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിയെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അശ്വതിയുടെയും ശകുന്തളയെ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന സജിത്തിന്റെയും സുഹൃത്തായ പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് അശ്വതിയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.

ശകുന്തളയുടെ മരണത്തില്‍ അശ്വതിക്ക് പങ്കുണ്ടെന്ന് പൊലീസിന് സംശയമുണ്ടായിരുന്നില്ല. കൊലപാതകം നടത്തിയതും മൃതദേഹം കായലില്‍ തളളിയതും സജിത്താണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഇത് സംബന്ധിച്ച് അശ്വതിക്ക് അറിവുണ്ടായിരുന്നുവെന്ന പൊലീസിന്റെ സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ സജിത്തിന്റെ മരണവും ശകുന്തളയുടെ തിരോധാനവും സംബന്ധിച്ച് വ്യത്യസ്തമായ മൊഴികളാണ് അശ്വതി നല്‍കിയതെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് പുറമെ നുണപരിശോധനയ്ക്ക് അശ്വതി വിസമ്മതിച്ചതും പൊലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അശ്വതിയും കുട്ടികളും ഇപ്പോള്‍ താമസിക്കുന്നത് പത്തനംതിട്ട സ്വദേശിനിയുടെ കൂടെയാണ്. ഇവരെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെങ്കിലും അശ്വതിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട നിലയിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ശകുന്തളയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് സജിത്ത്, അശ്വതിയെയും മക്കളെയും ഒരു ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഈ മുറിയുടെ വാടക നല്‍കിയതും ഇപ്പോള്‍ അശ്വതിയെയും മക്കളെയും സംരക്ഷിക്കുന്നതും ഇവരാണ്.

കൊലപാതകത്തിന് പിന്നില്‍ പണം തട്ടിയെടുക്കാനുളള ശ്രമമാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടിട്ടുണ്ട്. ശകുന്തളയ്ക്ക് മരിക്കുന്നതിന് മുന്‍പ് ലോട്ടറി അടിച്ചിരുന്നുവെന്ന ആരോപണത്തില്‍ അന്വേഷണ സംഘത്തിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഇത് ലഭിച്ചാല്‍ അന്വേഷണത്തില്‍ മുന്നേറ്റമുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com