'ചില പ്രസംഗങ്ങളില്‍ മാത്രം കേസെടുക്കുന്നത് സംഘപരിവാര്‍ അജണ്ട; ; "വത്തക്ക" പ്രയോഗത്തില്‍ കേസെടുത്തതിനെതിരെ പി കെ കുഞ്ഞാലിക്കുട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th March 2018 12:38 PM  |  

Last Updated: 10th November 2022 11:15 AM  |   A+A-   |  


കോഴിക്കോട് : സ്തീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഫറൂഖ് കോളേജ് അധ്യാപകനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. ചില പ്രസംഗങ്ങളില്‍ മാത്രം കേസെടുക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വിഷയം വല്ലാതെ വലുതാക്കി ഫാറൂഖ് കോളേജിനെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെയാണ് കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 


ഇസ്ലാമിക വിശ്വാസത്തെക്കുറിച്ച് പറയാന്‍ മതനേതാക്കള്‍ക്ക് അവകാശം ഇല്ലെന്നുണ്ടോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഇസ്ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രധാരണ രീതിയെക്കുറിച്ചാണ് പ്രസംഗത്തില്‍ പറഞ്ഞത്. ഇസ്ലാമിക മത വിശ്വാസപ്രകാരം എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടതെന്ന് മത പ്രഭാഷകര്‍ക്ക് പറയാന്‍ അവകാശമില്ലേ. ആരെയും വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുകയല്ല ചെയ്തത്. ഇത് കേരളമാണ്. യുപിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

വിവാദമായ പ്രസംഗങ്ങള്‍ വേറെയും പലതും ഉണ്ടായിട്ടുണ്ടല്ലോ. ഓരോരുത്തരും പ്രസംഗിക്കുന്നത് ആരാ ഇത്രയും വിശകലനം ചെയ്തു നോക്കിയത്. സമാന രീതിയില്‍ പ്രസംഗിക്കുമ്പോള്‍ ഇതാണോ സ്ഥിതി. തീ തുപ്പുന്ന വര്‍ഗീയത പറയുമ്പോള്‍ കേസില്ല. എന്നാല്‍ ചില പ്രസംഗങ്ങളില്‍ കേസെടുക്കുന്നു. അത് സംഘപരിവാര്‍ മനോഭാവമുള്ള നടപടിയാണ്. ഒരു വിഷയം വല്ലാതെ വലുതാക്കി ഫറൂഖ് കോളേജിനെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 


സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരെ കൊടുവള്ളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ കോളജിലെ പെണ്‍കുട്ടികള്‍ മാറിടം കാട്ടി നടക്കുകയാണ് എന്നായിരുന്നു പ്രസംഗം. മുജാഹിദ് ഫാമിലി കൗണ്‍സിലിങ് വേദിയിലായിരുന്നു ഫാറൂഖ് ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപകനായ ജവഹര്‍ 'വത്തക്ക' പരാമര്‍ശം നടത്തിയത്. 

ഇതിന്റെ ഓഡിയോ പുറത്തായതിന് പിന്നാലെ പുരോഗമന സംഘടനകളുടെയും സ്ത്രീസംഘടനകളുടെയും ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ക്യാമ്പസില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളുടെ സമരം നടന്നുവരികയാണ്.