ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യം: കണ്ണൂര്‍ രാഷ്ട്രീയ അക്രമത്തിന്റെ ഇര അസ്‌ന ഡോക്ടറായി

. തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയ്ക്ക് നഷ്ടമായത് വലതുകാലാണ്.
ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിശ്ചയദാര്‍ഢ്യം: കണ്ണൂര്‍ രാഷ്ട്രീയ അക്രമത്തിന്റെ ഇര അസ്‌ന ഡോക്ടറായി

പാനൂര്‍: കണ്ണൂരിലെ രാഷ്ട്രീയ യുദ്ധങ്ങളുടെ ഫലമായി അസ്‌ന എന്ന ആറു വയസുകാരിക്ക് നഷ്ടമായത് തന്റെ വലതു കാലാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ ആക്രമണമാണ് അസ്‌നയുടെ ജീവിതം മാറ്റിമറിച്ചത്. 2000 സെപ്തംബര്‍ 27 നായിരുന്നു കേരളത്തെ ദുഖത്തിലാഴ്ത്തിയ സംഭവം. തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരുടെ ബോംബേറില്‍ അസ്‌നയ്ക്ക് നഷ്ടമായത് വലതുകാലാണ്.

പക്ഷേ ആറാം ക്ലാസില്‍ ക്രിത്രിമകാലില്‍ നടക്കേണ്ടി വന്നിട്ടും വിജയത്തിന്റെ പടവുകള്‍ അസ്‌ന ചവിട്ടിക്കയറി. ഇപ്പോള്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് മികച്ച മാര്‍ക്കോടുകൂടി എംബിബിഎസ് നേടിയിരിക്കുകയാണ് ഈ മിടുക്കി. ഇനി ഒരു വര്‍ഷത്തെ ഹൗസ് സര്‍ജന്‍സിയും അസ്‌നയ്ക്ക് ബാക്കിയുണ്ട്.

അസ്‌നയുടെ വിജയത്തിന്റെ ആരവങ്ങളിലാണ് നാടും നഗരവും. പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് നാട്ടുകാര്‍ അസ്‌നയുടെ വിജയത്തെ വരവേറ്റത്. വിജയത്തില്‍ അസ്‌ന സന്തോഷം രേഖപ്പെടുത്തി. കാല്‍ നഷ്ടപ്പെട്ട് ചികിത്സയ്ക്കു വേണ്ടി ആശുപത്രിയില്‍ കഴിയുന്ന കാലത്ത് മനസില്‍ രൂപം കൊണ്ട സ്വപ്‌നമായിരുന്നു ഇതെന്നും അസ്‌ന പറഞ്ഞു.

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു നാടിനെ ദുഖത്തിലാഴ്ത്തിയ ആ സംഭവം നടന്നത്. പൂവത്തൂര്‍ എല്‍പി സ്‌കൂള്‍ ബൂത്തിന് സമീപത്തെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അസ്‌ന. അമ്മ ശാന്തക്കും അനിയന്‍ ആനന്ദിനും അന്ന് സാരമായി പരിക്കേറ്റു. അസ്‌നക്ക് തലശേരിയിലും പിന്നീട് കൊച്ചിയിലും മൂന്നു മാസത്തിലധികം വിദഗ്ധ ചികിത്സ നല്‍കി. വലതു കാല്‍, മുട്ടിന് മീതെ വെച്ച് മുറിച്ച് മാറ്റാനാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

അസ്‌നക്ക് പരിക്കേറ്റ ബോംബേറ് കേസില്‍ അന്നത്തെ ബിജെപി നേതാവും ഇപ്പോള്‍ സിപിഎമ്മുകാരനുമായ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അശോകന്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളെയും കോടതി ശിക്ഷിച്ചിരുന്നു. പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com