ഞങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായത്തിന് എന്ത് ദുരനുഭവമാണ് ഉണ്ടായിട്ടുള്ളത്?; മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയെപ്പോലെയല്ല കേരളത്തിലെ ബിജെപി: വി.മുരളീധരന്‍

അക്രമ രാഷ്ട്രീയം അവസാനിക്കാത്തതിന്റെ പ്രധാന കാരണം സി.പി.എമ്മിന്റെ അസഹിഷ്ണുതയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി 
ഞങ്ങളില്‍ നിന്ന് മുസ്‌ലിം സമുദായത്തിന് എന്ത് ദുരനുഭവമാണ് ഉണ്ടായിട്ടുള്ളത്?; മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയെപ്പോലെയല്ല കേരളത്തിലെ ബിജെപി: വി.മുരളീധരന്‍

സംഘപരിവാറില്‍ നിന്ന് മുസ്‌ലിം സമുദായത്തിന് എന്ത്  ദുരനുഭവമാണ് ഉണ്ടായിട്ടുള്ളതെന്ന് എനിക്കിതുവരെ അറിയില്ലെന്ന് ബിജെപി എംപി വി.മുരളീധരന്‍. സമകാലിക മലയാളം വാരികയ്ക്ക് വേണ്ടി പി.എസ് റംഷാദ് നടത്തിയ അഭിമുഖത്തിലാണ് വി.മുരളീധരന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌.
അങ്ങനെ ഒരു ദുരനുഭവവും ആര്‍ക്കും പ്രത്യേകിച്ച് ഉണ്ടായിട്ടില്ല. സംഘപരിവാര്‍ എന്നു പറയുന്ന വിഭാഗം ഏതെങ്കിലും സമുദായത്തെ പ്രത്യേകം ടാര്‍ജറ്റ് ചെയ്യുന്നുവെന്ന് മറ്റുള്ളവര്‍ പ്രചരിപ്പിക്കുന്നതല്ലാതെ ബി.ജെ.പിക്കോ ആര്‍.എസ്.എസ്സിനോ അങ്ങനെയൊന്ന് സമീപനത്തിന്റെ കാര്യത്തില്‍ ഇല്ല. ആരെങ്കിലും വ്യക്തികള്‍ എന്തെങ്കിലും പറയുന്നുണ്ടാകും, അതു വേറെ പ്രശ്‌നം, വി.മുരളീധരന്‍ പറഞ്ഞു. 

മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയെപ്പോലെയല്ല കേരളത്തില്‍ ബിജപി പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരന്‍ പറയുന്നു. കേരളം ഇടതുപക്ഷമാണ് എന്നു പറയുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അതാതു സംസ്ഥാനത്തിന്റേതായ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് അവിടുത്തെ പാര്‍ട്ടികളെല്ലാം പ്രവര്‍ത്തിക്കുന്നത്. ബംഗാളിലെ കമ്യൂണിറ്റ് പാര്‍ട്ടിയല്ല കേരളത്തിലേത്. ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യത്യസ്തമായിരിക്കുന്നതുപോലെ മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പിയും കേരളത്തിലെ ബി.ജെ.പിയും തമ്മില്‍ വ്യത്യാസമുണ്ട്. ഒരുപക്ഷേ, കേരളത്തിലെ ബി.ജെ.പി ഏറ്റെടുക്കുന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ ഭാരതീയ ജനതാ പാര്‍ട്ടി ശ്രമിക്കുന്നുണ്ടോ എന്നുള്ളതില്‍ എനിക്കു സംശയമുണ്ട്. അതിന്റെയൊരു കാരണം, ഇടതുപക്ഷം എന്നല്ല ഞാന്‍ കാണുന്നത്. കേരളത്തിന്റേതായിട്ടുള്ള സവിശേഷ സാമൂഹിക പശ്ചാത്തലത്തില്‍ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയും അതോടൊപ്പം നമ്മുടേതായിട്ടുള്ള ചില പ്രത്യേക വീക്ഷണകോണുകള്‍, ഒരുപക്ഷേ, മറ്റുള്ള സംസ്ഥാനങ്ങളില്‍ അപ്രസക്തമായിട്ടുള്ള വീക്ഷണകോണുകള്‍ കേരളത്തിലെ ബി.ജെ.പിയും എടുക്കണം. അങ്ങനെ എടുത്തുകൊണ്ടേ പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളു. അത് കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ ഒരിക്കലും ഒരു തടസ്സമല്ല. കേരളത്തിലെ ബി.ജെ.പി എടുക്കുന്ന സമീപനവും അതുതന്നെയാണ്. 

ഇതുതന്നെയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചും. ഉദാഹരണത്തിന് 90 ശതമാനവും ക്രൈസ്തവരുള്ള നാഗാലാന്‍ഡില്‍ ബി.ജെ.പിക്ക് 12 സ്ഥാനാര്‍ത്ഥികളും ക്രൈസ്തവ സമുദായത്തില്‍നിന്നു ജയിപ്പിക്കാമെങ്കില്‍ 20 ശതമാനം ക്രൈസ്തവരുള്ള കേരളത്തില്‍ എന്തുകൊണ്ട് ജയിപ്പിക്കാന്‍ പറ്റില്ല? അതുകൊണ്ട് ബി.ജെ.പി ഇങ്ങനെയാണ്, ഈ സംസ്ഥാനം ഇങ്ങനെയാണ് എന്നു കാണുന്നതിനു പകരം വിവിധ സംസ്ഥാനങ്ങളില്‍ അതതു സംസ്ഥാനത്തെ സാഹചര്യമനുസരിച്ച് അതത് സംസ്ഥാനത്തെ എല്ലാ പാര്‍ട്ടികളും സമീപനം മാറ്റേണ്ടി വരും എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. കേരളത്തിലെ കോണ്‍ഗ്രസ്സും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സും വേറെയാണ്. കര്‍ണാടകത്തിലെപ്പോലും കോണ്‍ഗ്രസ്സ് വേറെയാണ്. അതുകൊണ്ട് കേരളത്തിലെ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ക്കെല്ലാം ചെറിയ വ്യത്യാസങ്ങളോടുകൂടി സമീപനമെടുക്കേണ്ടിവരും. മുരളീധരന്‍ പറഞ്ഞു. 

മെഡിക്കല്‍ കോളജിന്റെ വിഷയം ഉന്നയിക്കപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ, ഞങ്ങളുടെ ബദ്ധശത്രുക്കളായ സി.പി.എം സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ പൊലീസ് അന്വേഷിച്ച് പറഞ്ഞിരിക്കുകയാണല്ലോ അതില്‍ അഴിമതിയൊന്നുമില്ലെന്ന്. പിന്നെ ആ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോ എന്ന് മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ പറയുന്നു. 

സംഘടനാ തലത്തില്‍ അങ്ങനെയൊരു വിഷയമൊന്നുമില്ല.ആ പ്രശ്‌നം, അല്ലെങ്കില്‍ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളെ കുടുക്കാന്‍ സി.പി.എമ്മിന്റെ കൈയില്‍ ഒരായുധം കിട്ടുകയാണ്. അവരത് ഉപയോഗിക്കാതിരിക്കില്ലല്ലോ. അവര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അതിലൊന്നുമില്ല എന്നല്ലേ. അതവിടെ കഴിഞ്ഞു,മുരളീധരന്‍ പറഞ്ഞു. 

അക്രമ രാഷ്ട്രീയം അവസാനിക്കാത്തതിന്റെ പ്രധാന കാരണം സി.പി.എമ്മിന്റെ അസഹിഷ്ണുതയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അങ്ങോട്ടുമിങ്ങോട്ടും അക്രമങ്ങളൊക്കെ എല്ലാവരും നടത്തുന്നുണ്ടാകുമല്ലോ. പക്ഷേ, തങ്ങളല്ലാതെ മറ്റാരും പാടില്ല എന്ന സമീപനം എവിടെയും എടുക്കാറില്ല. അത് എടുക്കുന്ന ഒറ്റപ്പാര്‍ട്ടി സി.പി.എമ്മാണ്. മുസ്ലിം ലീഗ് എടുക്കാറില്ല, കേരള കോണ്‍ഗ്രസ്സോ കോണ്‍ഗ്രസ്സോ സി.പി.ഐയോ എടുക്കാറില്ല, ബി.ജെ.പിയും എടുത്തിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആ സമീപനമാണ് മാറ്റേണ്ടത്. കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അവരുടെ കോര്‍ ആയിട്ടുള്ള ആളുകളും അവരുടെ സഹയാത്രികരുമല്ലാത്തവരൊക്കെ ശത്രുക്കള്‍. അവരെയൊക്കെ ഇല്ലാതാക്കാന്‍ ശ്രമിക്കുക, അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക. അക്രമം എന്നു പറയുമ്പോള്‍ കൊലപാതകങ്ങളാണ് കണ്ണൂരൊക്കെ നടക്കുന്നത്. പക്ഷേ, മറ്റു പല മേഖലകളിലും കൊലപാതകത്തെക്കാള്‍ ഭീകരമായ അവസ്ഥയാണ്,മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

ബി.ഡി.ജെ.എസിലെ ചില ആളുകളുമായി-വെള്ളാപ്പള്ളിയുമായോ തുഷാറുമായോ അല്ല- അനൗപചാരികമായി ചില കാര്യങ്ങള്‍ ഞാന്‍ സംസാരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അവരെയും -വെള്ളാപ്പള്ളിയേയും തുഷാറിനേയും- കാണാന്‍ ഞാനുദ്ദേശിക്കുന്നു. ഞങ്ങളായിട്ട് ബി.ഡി.ജെ.എസ് പുറത്തുപോകാന്‍ ഉദ്ദേശിച്ചുകൊണ്ട് ഒന്നും ചെയ്യില്ല. കേരളത്തിലെ എന്‍.ഡി.എയിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മുരളീധരന്റെ മറുപടി ഇങ്ങനെയായിരുന്നു. 

ഭാരതീയ ജനതാ പാര്‍ട്ടിയെക്കുറിച്ചുള്ള ഒരു ആക്ഷേപമുണ്ടായിരുന്നത്, മറ്റുള്ളവര്‍ നടത്തിയിരുന്ന പ്രചരണം ഞങ്ങള്‍ സവര്‍ണ്ണ മനോഭാവം വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് എന്നാണ്. ബി.ജെ.പിയില്‍ എല്ലാ വിഭാഗത്തില്‍പ്പെടുന്ന ആള്‍ക്കാരുമുണ്ട്. പിന്നാക്ക സമുദായങ്ങളുടെ പിന്തുണയുള്ള ഒരു പാര്‍ട്ടി എന്ന നിലയില്‍ ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായി വരണം എന്ന് ആഗ്രഹിക്കുന്നതിന്റേയും ഒരു പ്രധാനപ്പെട്ട കാരണം കേരളത്തിലെ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തണം എന്നുള്ള ഉദ്ദേശ്യത്തിലാണ്. ആ സമുദായത്തിന് കഴിഞ്ഞ കാലങ്ങളിലെ സി.പി.എം, കോണ്‍ഗ്രസ്സ് ഭരണത്തില്‍ നീതി ലഭ്യമായിട്ടില്ല. അത് ലഭ്യമാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് ഞങ്ങള്‍ അവരുമായി ഒരുമിച്ചു പോകണം എന്ന് ആഗ്രഹിക്കുന്നത്.

കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ്സ് എന്‍.ഡി.എയിലേക്ക് വരാനുള്ള സാധ്യത എത്രത്തോളമാണ് എന്ന ചോദ്യത്തിന്
കേരള കോണ്‍ഗ്രസിന്റെ എന്‍.ഡി.എ പ്രവേശനത്തെക്കുറിച്ച് ഔപചാരികമായി അത്തരം ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അനൗപചാരികമായി ആരെങ്കിലും നടത്തിയതായി എന്റെ അറിവിലുമില്ലയെന്നും മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com