മുറിവേറ്റ് അവശനിലയിലുള്ള ആനയെ എഴുന്നള്ളിച്ചു ; കളക്ടർ റിപ്പോർട്ട് തേടി

വനംവകുപ്പിനോട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കകം റിപ്പോർട്ട് നൽകാനാണ് എറണാകുളം ജില്ലാ കളക്ടർ  നിർദേശം നൽകിയത്
മുറിവേറ്റ് അവശനിലയിലുള്ള ആനയെ എഴുന്നള്ളിച്ചു ; കളക്ടർ റിപ്പോർട്ട് തേടി

കൊച്ചി: മുറിവേറ്റ് അവശനിലയിലുള്ള ആനയെ ക്ഷേത്രത്തിൽ എഴുന്നള്ളിച്ച സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. വനംവകുപ്പിനോട് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്കകം റിപ്പോർട്ട് നൽകാനാണ് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള നിർദേശം നൽകിയിട്ടുള്ളത്. എറണാകുളം കാക്കനാട് പാട്ടുപുരക്കാവ് ക്ഷേത്രത്തിലാണ് മുറിവേറ്റ് അവശ നിലയിലുള്ള ആനയെ ഉദ്യോ​ഗസ്ഥരുടെ വിലക്ക് ലംഘിച്ച് എഴുന്നള്ളിച്ചത്. 

തൃശൂരിൽ നിന്ന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയുടെ പിൻ കാലുകളിൽ ആഴമേറിയ വ്രണങ്ങളാണുള്ളത്. മുറിവ് കാരണം കാലുകൾ നിലത്തുറപ്പിക്കാൻ ആകാത്ത സ്ഥിതിയിലായിരുന്നു. ആനയെ പരിശോധിച്ച സോഷ്യൽ ഫോറസ്റ്റ്ട്രി , സെൻട്രൽ വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ, എസ് പി സി ഐ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് മഹാദേവനെ എഴുന്നള്ളിപ്പിനിറക്കിയത്. പിന്നിലെ കാലുകളിലെ മുറിവ് കാണാതിരിക്കാൻ കരി തേച്ചിരിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കാലിൽ ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നള്ളിക്കരുതെന്ന് സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥൻ നേരിട്ടെത്തി നൽകിയ നിർദേശമാണ് ക്ഷേത്രം ഭാരവാഹികൾ അവഗണിച്ചത്. എന്നാൽ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച ആനയാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. മദപ്പാടും പരിക്കുകളും ഉള്ള ആനകളെ എഴുന്നള്ളിപ്പിനിറക്കരുതെന്ന നാട്ടാന പരിപാലന നിയമം ലംഘിച്ചാണ് ക്ഷേത്രം അധികൃതരുടെ ക്രൂരത. 

ഗവ.വെറ്ററിനറി സർജൻ പരിശോധിച്ച് റിപ്പോർട്ട് നൽകുന്നത് വരെ ആനയെ പണിയെടുപ്പിക്കുന്നത് വിലക്കിയതായും കളക്ടർ അറിയിച്ചു. നാട്ടാനകളുടെ പരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ അടിയന്തര യോഗവും നാളെ പന്ത്രണ്ട് മണിക്ക് കളക്ടറുടെ ചേംബറിൽ ചേരും. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം ഇത്തരം സാഹചര്യത്തിൽ 12 ആനകളാണ് സംസ്ഥാനത്ത് ചരിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com