ഒറ്റ നോട്ടത്തില്‍ മുതലയെപ്പോലെ; പട്ടണ പ്രദേശത്ത് ആറടി നീളമുള്ള ഉടുമ്പിന്റെ സ്വതന്ത്ര വിഹാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th March 2018 09:59 AM |
Last Updated: 26th March 2018 10:02 AM | A+A A- |

കൂത്താട്ടുകുളം: ഒറ്റ നോട്ടത്തില്‍ മുതലയെന്നു തോന്നിക്കുന്ന അസാധാരണ വലിപ്പമുള്ള ഉടുമ്പ് കൗതുകമാവുന്നു. കൂത്താട്ടുകുളത്താണ് ആറടിയോളം നീളമുള്ള ഉടുമ്പ് സൈ്വര്യവിഹാരം നടത്തുന്നത്. ചിലപ്പോഴെല്ലാം വീടുകളിലേക്കു കയറി ഭീതി പരത്തുന്നുമുണ്ട്, ഇത്.
കൂത്താട്ടുകുളം മാര്‍ക്കറ്റ് ഭാഗത്തുള്ള കൈത്തോടാണ് ഉടുമ്പിന്റെ വിഹാരകേന്ദ്രം. ആറ് അടിയോളം നീളവും 30 കിലോഗ്രാമോളം തൂക്കവും ഉള്ള ഈ ഉടുമ്പിനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ മുതലയാണെന്നേ തോന്നൂ. അശ്വതി കവല ഭാഗത്ത് മാര്‍ക്കറ്റ് റോഡിന് കുറുകെ കേബിള്‍ഭവന്‍, അഗ്‌നിരക്ഷാനിലയം എന്നിവയ്ക്ക് സമീപത്തു കൂടി ടൗണ്‍തോട്ടില്‍ എത്തിച്ചേരുന്ന കൈത്തോട്ടില്‍ പതിവായി സഞ്ചരിക്കുന്ന ഉടുമ്പ് ഇടയ്ക്കിടെ കരയ്ക്കു കയറും. ആളുകളെ കാണുമ്പോള്‍ ഭയം പ്രകടിപ്പിക്കാത്ത ഉടുമ്പ് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് റോഡിലെ ഒരു വീട്ടില്‍ എത്തിയതു വീട്ടുകാരില്‍ ഭീതി പരത്തി.
വീടിന്റെ ചുമരില്‍ അള്ളിപ്പിടിച്ചിരുന്ന ഉടുമ്പിനെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. ആളു കൂടി ബഹളമായപ്പോള്‍ ചുമരില്‍ നിന്നിറങ്ങിയ ഉടുമ്പ് വീട്ടിലെ ബാത്ത് റൂമിലേക്കു കയറി. ശുചിമുറിയുടെ മൂലയില്‍ ഇരുന്ന് അടുത്തെത്തുന്നവരുടെ നേരെ ചീറ്റാന്‍ തുടങ്ങിയതോടെ സ
ഓടിക്കൂടിയവരിലും ഭയം പടര്‍ന്നു. കാണികളിലെ ചില 'ധീരന്മാര്‍' ചേര്‍ന്ന് ഉടുമ്പിനെ വലിച്ച് വീടിനു വെളിയിലെത്തിക്കുകയായിരുന്നു. പുറത്തെത്തിയ ഉടുമ്പ് തോട്ടിലേക്ക് മടങ്ങി.
വംശനാശം സംഭവിച്ച ഭീമന്‍ ഉരഗങ്ങളുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഉടുമ്പുകള്‍ സംരക്ഷിത വിഭാഗത്തിലാണ്. രാജ്യത്തെ വന്യജീവി സംരക്ഷണനിയമപ്രകാരം ഉടുമ്പിനെ വേട്ടയാടാനോ കടത്താനോ, കൈവശം വയ്ക്കാനോ പാടില്ല. തടവുശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത കുറ്റമാണിത്.