പുരുഷന്മാരുടെ അവയവങ്ങളെ കുറിച്ചും സ്ത്രീകള്‍ പറയാന്‍ തുടങ്ങിയാല്‍ എന്താവും; മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യത അയാള്‍ക്കില്ലെന്ന് വിപി സുഹറ

ആ അധ്യാപകനു മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യതയില്ല. സ്ത്രീകളെ അവയവങ്ങളിലേക്ക് ഇയാള്‍ എന്തിനാണ് നോക്കുന്നത്. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ ഇവര്‍ക്ക് കളിക്കാനുള്ളതാണോ
പുരുഷന്മാരുടെ അവയവങ്ങളെ കുറിച്ചും സ്ത്രീകള്‍ പറയാന്‍ തുടങ്ങിയാല്‍ എന്താവും; മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യത അയാള്‍ക്കില്ലെന്ന് വിപി സുഹറ

കോഴിക്കോട്: വിദ്യാസമ്പന്നരായ കുട്ടികളില്‍ ഇന്ന് ഭൂരിഭാഗവും മാന്യമായ രീതിയിലാണ് വസ്ത്രം ധരിക്കുന്നതെന്നും ഫാറൂഖ് കോളജില്‍ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറാന്‍ അറിയാത്ത അധ്യാപകനെയാണ് നിയമിച്ചിരിക്കുന്നതെന്നും നിസ പ്രസിഡണ്ട് വി.പി സുഹറ. വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. എത്രയോ മഹാന്മാരുടെ പ്രയത്‌നം കൊണ്ടാണ് ഫാറൂഖ് കോളജ് ഉണ്ടായത്. പല പ്രമുഖരേയും സംഭാവന ചെയ്തിട്ടുമുണ്ട്. എന്നിട്ടു പോലും ഈ സ്ഥാപനം പിന്നോട്ടു പോവുന്നുവെന്നും സുഹറ പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാര്‍ത്ഥികളുടെ വസ്ത്രധാരണത്തെ കുറിച്ചു പുറത്തുപോയി പറയുക എന്നത് വളരെ നീചമാണ്. സ്വന്തം വിദ്യാര്‍ത്ഥികളുടെ കാലിലേക്ക് നോക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. മാറിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉപമ കച്ചവടവത്കരണ രീതിയിലാണ്. സ്ത്രീകള്‍ക്കു അപമാനമുണ്ടാക്കുന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി പരാതി നല്‍കുന്നു. എന്നാല്‍ മുസ്്‌ലിംലീഗും ചില മത സംഘടനകളും പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. എന്തു കുറ്റം ചെയ്താലും സ്ത്രീകളെ അപമാനിച്ചാലും അതിനെ പിന്തുണക്കുക എന്നുള്ളതാണ് കാലാകാലമായി ലീഗ് ചെയ്തു വരുന്നത്. ലീഗിലെ വനിതാ വിഭാഗം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ല. സ്ത്രീകളെ വത്തക്കയോട് ഉപമിക്കുക എന്നത് എത്ര മോശമാണ്. പുരുഷന്മാരുടെ അവയവങ്ങളെ കുറിച്ചും സ്ത്രീകള്‍ പറയാന്‍ തുടങ്ങിയാല്‍ എന്താവും. സ്ത്രീകളുടെ വസത്രത്തെ കുറിച്ചു എന്തിനാണ് പുരുഷന്മാര്‍ക്ക് ആകുലത.

ഒരു കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ സ്ത്രീ മാറു തുറക്കുന്നത് കുട്ടിക്കു വിശപ്പടക്കാനാണ്. സ്ത്രീകളുടെ വസ്ത്രത്തിലേക്ക് എന്തിനാണ് ഇവര്‍ ഒളിഞ്ഞു നോക്കുന്നത്. ഇസ്്‌ലാമിക നിയമങ്ങള്‍ കര്‍കശമായി നടപ്പാക്കുന്ന സൗദിയിലെ രാജാവിന്റെ പ്രഖ്യാപനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. പര്‍ദ്ദ ഇസ്ലാമിക വസ്ത്രമല്ല, നാല്‍പതു വര്‍ഷങ്ങള്‍ക്കു മുന്നേ അതുണ്ടായിരുന്നില്ല. പ്രവാചക ജീവിത കാലത്ത് നബിയുടെ ഭാര്യ ആദ്യത്തെ വനിതാ വ്യവസായിയായിരുന്നു. അവര്‍ നബിയുടെ കാര്യങ്ങളില്‍ ഇടപെട്ടു. നബിയുടെ ഭാര്യ ആയിശി യുദ്ധത്തിനു പോലും പോയി. നമ്മുടെ സ്ത്രീകളെ അടുക്കളയില്‍ തളച്ചിടാമെന്ന നിലപാട് തിരുത്താന്‍ സമയമായി.

ആ അധ്യാപകനു മദ്റസാ അധ്യാപകന്‍ കൂടി ആവാനുള്ള യോഗ്യതയില്ല. സ്ത്രീകളെ അവയവങ്ങളിലേക്ക് ഇയാള്‍ എന്തിനാണ് നോക്കുന്നത്. പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍ ഇവര്‍ക്ക് കളിക്കാനുള്ളതാണോ. ലീഗ് നിലപാട് മാറ്റണം, ലീഗിലെ സ്ത്രീകള്‍ ആര്‍ഭാട വസ്തുവായി സമ്മേളനത്തില്‍ ഇരിക്കുകയ മാത്രം ചെയ്യുകയാണ്. വനിതാ കമ്മീഷന്‍ മാലിന്യമാണെന്നും അവര്‍ക്കു പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും സുഹ്‌റ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com